അതിശക്തമായ തിരിച്ചുവരവിലൂടെ നിക്ഷേപ മേഖലയില്‍ ഞെട്ടിക്കുകയാണ് അനില്‍ അംബാനി. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനികള്‍ വിപണിയില്‍ വമ്പന്‍ നേട്ടങ്ങള്‍ കൈവരിച്ചു കൊണ്ടിരിക്കുകയാണ്. റിലയന്‍സ് പവര്‍, ഇന്‍ഫ്ര, ഹോം ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ അതിവേഗം ഉയര്‍ന്നുവന്നപ്പോള്‍, പ്രതിരോധ മേഖലയിലേക്കുള്ള അനില്‍ അംബാനിയുടെ പുതിയ നീക്കമാണ് ഇപ്പോഴത്തെ പ്രധാന ശ്രദ്ധാകേന്ദ്രം.
അനില്‍ അംബാനിയുടെ തിരിച്ചുവരവില്‍ കടമുക്തമായ കമ്പനികളില്‍ ഒന്ന് റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ച്ചര്‍ ആണ്. നിലവില്‍ കമ്പനി ഡിഫന്‍സ് പോര്ട്ഫോളിയൊരുക്കാന് വലിയ പ്രധാന്യം നല്കുന്നു. ഓപ്പറേഷന് സിന്ദൂറിന് ശേഷം ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ആഗോളതലത്തില്‍ വന്‍ ഡിമാന്‍ഡുണ്ട്. ഈ അവസരം മുതലെടുത്ത് നീങ്ങാനാണ് അനില്‍ അംബാനിയുടെ നീക്കം.
റിലയന്‍സ് ഇന്‍ഫ്രയ്ക്ക് കീഴില്‍ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ്. വമ്പന്‍ വെടിക്കോപ്പ് കയറ്റുമതിയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. 2027 അവസാനം വരെ 3,000 കോടിയുടെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ 1,500 കോടിയുടെ വെടിക്കോപ്പുകള്‍ കയറ്റുമതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം 100 കോടി രൂപയുടെ കയറ്റുമതി കമ്പനി പൂര്‍ത്തിയാക്കി. യൂറോപ്പ്, തെക്കുകിഴക്കന്‍ ഏഷ്യ വിപണികളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
റിലയന്‍സ് ഡിഫന്‍സ് ഇന്ത്യയുടെ ആദ്യത്തെ മൂന്ന് പ്രധാന പ്രതിരോധ കയറ്റുമതിക്കാരില്‍ ഒരാളായി മാറുക എന്നതാണ് റിലയന്‍സ് ഇന്‍ഫ്രയുടെ ലക്ഷ്യം. ലോകത്തെ പ്രതിരോധ ശൃംഖലകളില്‍ ഇന്ത്യയുടെ പങ്കാളിത്തം വര്‍ധിക്കുമ്പോള്‍, അതിന്റെ സാങ്കേതികവിദ്യയും നിര്‍മ്മാണ ശേഷിയും വിപണിയില്‍ നിലനിര്‍ത്താന്‍ റിലയന്‍സിന് സാധ്യതയുണ്ട്.
മഹാരാഷ്ട്രയിലെ രത്നഗിരിയിലെ ധീരുഭായ് അംബാനി ഡിഫന്‍സ് സിറ്റി (DADC) ഈ ഭാവികാഴ്ചകളെ മുന്നോട്ട് നയിക്കുന്ന പ്രധാന പ്ലാറ്റ്ഫോമാണ്. 1,000 ഏക്കറില്‍ വ്യാപിച്ചിരിക്കുന്ന ഈ പദ്ധതിയുടെ വിപണിമൂല്യം ഏകദേശം 5,000 കോടിയാണ്. ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് പ്രതിരോധ പദ്ധതിയായ ഇത്, ജര്‍മനിയിലെ റെയിന്‍മെറ്റല്‍ എജിയുമായി ചേര്‍ന്ന് സാങ്കേതിക പുരോഗതിയിലേക്ക് എത്തിക്കുന്നു.
നിലവില്‍ റിലയന്‍സ് ഇന്‍ഫ്രയുടെ വിപണി മൂല്യം 13,071 കോടിയാണ്. ഓഹരി വില 328.55 രൂപയില്‍ അവസാനിച്ചപ്പോള്‍, ഒരു മാസം കൊണ്ട് 31 ശതമാനവും ഒരു വര്‍ഷം കൊണ്ട് 90 ശതമാനവുമാണ് നിക്ഷേപകര്‍ക്ക് ലഭിച്ച റിട്ടേണ്‍. ഓഹരിയുടെ 52 ആഴ്ചയിലെ വളർച്ച 351 രൂപയാണ്.
നേരത്തെ സാമ്പത്തിക തിരിച്ചടികള്‍ അനുഭവിച്ചിരുന്ന അനില്‍ അംബാനി ഇപ്പോള്‍ ശക്തമായ തിരിച്ചുവരവ് രേഖപ്പെടുത്തുകയാണ്. പ്രതിരോധ രംഗത്തെ കുതിപ്പ്, കയറ്റുമതിയിലെ ആത്മവിശ്വാസം, പുതിയ തന്ത്രങ്ങള്‍ എല്ലാം കൂടി അദ്ദേഹത്തിന്റെ ബിസിനസ് വിശ്വാസ്യതയ്ക്ക് പുതിയ അദ്ധ്യായമാണ് എഴുതുന്നത്.