അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്നു വീണു. 105 പേർ മരിച്ചതായി റിപ്പോർട്ട്. എൻജിൻ തകർന്നാണ് അപകടമുണ്ടായതെന്ന് പ്രാഥമിക നിഗമനം. എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിനിടെ അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫ് ചെയ്ത് 5 മിനിറ്റിനകം അപകടമുണ്ടായതായാണ് വിവരം. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38 നാണ് അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള മേഘാനി നഗറിലേക്ക് വിമാനം തകർന്നു വീണത്
വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു.
വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ ആകെ 242 പേർ സഞ്ചരിച്ചിരുന്നുവെന്ന് ഗുജറാത്ത് പൊലീസ് കൺട്രോൾ റൂം സ്ഥിരീകരിച്ചു. അതിൽ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുക്കാരുമാണെന്ന വിവരമാണ് ലഭിച്ചത്.
25 പേരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപ്പോളൊ ആശുപത്രിയിലും സിവിൽ ആശുപത്രികളിലും മറ്റ് സമീപ ആശുപത്രികളിലും എല്ലാ മുന്നോരുക്കങ്ങളും ഒരുക്കാൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ നിർദേശം നൽകി.
താത്കാലിക വിവരം പ്രകാരം, വിമാനത്താവളത്തിൽ നിന്ന് ഏകദേശം 6,000 അടി ഉയരത്തിലെത്തിയ ശേഷമാണ് അപകടം നടന്നത്. സംഭവത്തെത്തുടർന്ന് സ്ഥലത്തേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടിരിക്കുകയാണ്. പന്ത്രണ്ട് ഫയർ എൻജിനുകളും വിവിധ രക്ഷാപ്രവർത്തക സംഘങ്ങളും സ്ഥലത്ത് എത്തി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിരവധി യാത്രക്കാരെ സമീപ ആശുപത്രികളിലേക്ക് മാറ്റിയതായി റിപ്പോർട്ടുകളുണ്ട്. അപകടം സംഭവിച്ച വിമാനം ഏകദേശം 11 വർഷം പഴക്കമുള്ളതാണ്. രാവിലെ ദില്ലിയിൽ നിന്ന് അഹമ്മദാബാദിലേക്ക് വന്നതിനു ശേഷം ലണ്ടനിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം.