യുഎസ്-ചൈന വ്യാപാര ബന്ധം പുതിയ തലത്തിലേക്ക്. ബീജിംഗ് അപൂർവധാതുക്കളുടെ കയറ്റുമതിക്ക് അനുമതി നൽകുമെന്നും, വാഷിംഗ്ടൺ ചില നിയന്ത്രണ നടപടികൾ പിൻവലിക്കുമെന്നും ഇരു രാജ്യങ്ങളും വ്യക്തമാക്കി. പരസ്‌പര വിട്ടുവീഴ്‌ചയോടെ ഇരുപക്ഷവും പ്രവർത്തിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച ചൈന കരാറിൽ ധാരണയിലെത്തിയതായി സ്ഥിരീകരിച്ചു.
അപൂർവ മൂലകങ്ങളുടെ കയറ്റുമതി, ഹൈടെക് ഉപകരണങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ തുടങ്ങിയവയാണ് ധാരണയിലെ പ്രധാന ഘടകങ്ങൾ. ട്രംപ് അധികാരത്തിലേറിയതിനുശേഷം പ്രഖ്യാപിച്ച താരിഫുകൾക്ക് പിന്നാലെ ബീജിംഗ് ശക്തമായി തിരിച്ചടിക്കുകയും, അപൂർവധാതുക്കളെ നിയന്ത്രിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ, ചൈന കയറ്റുമതി ലൈസൻസുകൾ വേഗത്തിലാക്കാൻ തയ്യാറാകുന്നതോടെ ട്രംപിന്റെ വ്യാപാരതടസ്സങ്ങൾക്കിടയിൽ ആശങ്കകൾക്ക് തിരശീല വീഴുന്നു. ലണ്ടൻ ചർച്ചകളുടെ അടിസ്ഥാനത്തിൽ പുതിയ കരാർ തയാറാക്കിയതായും ബീജിംഗിന്റെ അനുമതിയോടെ നിയമപരമായ പരിശോധനകൾക്ക് ശേഷമുള്ള ഇനങ്ങൾക്ക് കയറ്റുമതിക്ക് അനുമതി നൽകുമെന്നും വ്യക്തമാക്കുന്നു. ചൈനയിലെ ഫാക്ടറി ലാഭം 9% വരെ കുറയുകയും, യുഎസ് സമ്പദ്‌വ്യവസ്ഥയും ആദ്യ ക്വാർട്ടറിൽ 0.5% ചുരുങ്ങുകയും ചെയ്ത പശ്ചാത്തലത്തിൽ, ഇരു രാജ്യങ്ങൾക്കും സഹകരണം അനിവാര്യമായിരുന്നു.
ഇന്ത്യയുൾപ്പെടെ കൂടുതൽ രാജ്യങ്ങളുമായി വ്യാപാരകരാറുകൾ ഉണ്ടാകുമെന്ന് ട്രംപും യുഎസ് ഉദ്യോഗസ്ഥരും സൂചന നൽകി. ഒരു ദീർഘകാല വ്യാപാര സമവായത്തിലേക്ക് പുതിയ ധാരണ പാത തുറക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.