ഇന്ത്യയിലെ ഇലക്ട്രോണിക് നിർമ്മാണം 2027-28 സാമ്പത്തിക വർഷാവസാനം 27.7 ലക്ഷം കോടിയിലെത്തുമെന്ന് ആന്റിക് സ്റ്റോക്ക് ബ്രോക്കിംഗിന്റെ പുതിയ റിപ്പോർട്ട്. 2023 മുതൽ 2028 വരെയുള്ള അഞ്ചുവർഷം 27 ശതമാനം സംയുക്ത വാർഷിക വളർച്ചാനിരക്ക് (CAGR) രേഖപ്പെടുത്തുമെന്നാണ് കണക്ക്. സർക്കാർ നയങ്ങളും ഇലക്ട്രോണിക് ഉപഭോഗത്തിലുള്ള വർധനവുമാണ് വിപണിയുടെ വളർച്ചക്ക് ഊർജം നൽകുന്നത്. വ്യത്യസ്ത മേഖലകളിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം വർധിച്ചതും ഇഎംഎസ് കമ്പനികൾക്ക് അഭ്യന്തര ആവശ്യങ്ങൾക്കനുസൃതമായ വിപുലമായ വിപണി ഒരുക്കുന്നു.
ഇന്ത്യയെ ചെലവുകുറഞ്ഞതും വിശ്വസനീയവുമായ ഉൽപ്പാദനകേന്ദ്രമായി ആഗോള കമ്പനികൾ കാണുന്നുവെന്നത് നിർമ്മാണ മേഖലയ്ക്ക് വലിയ പിന്തുണയാണ്. മൊത്തം ഇലക്ട്രോണിക് വിപണി FY28-ൽ 28.8 ലക്ഷം കോടിയാകും. ഉപഭോക്തൃ വിപണി 17.9 ലക്ഷം കോടിയിലേക്കും കയറ്റുമതി 10.8 ലക്ഷം കോടിയിലേക്കും ഉയരുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഇറക്കുമതി 2023-ലെ 2.4 ലക്ഷം കോടിയിൽ നിന്ന് 1 ലക്ഷം കോടിയിലേക്കും കുറഞ്ഞേക്കാം.
പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പോലുള്ള സർക്കാർ പദ്ധതികൾ ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഇന്ത്യയിലെ ഇഎംഎസ് കമ്പനികൾ ഇപ്പോൾ കരാർ നിർമ്മാണത്തിനൊപ്പം ഉയർന്ന ലാഭം വാഗ്ദാനം ചെയ്യുന്ന ഡിസൈൻ സേവനങ്ങളിലേക്കും പ്രവേശിക്കുകയാണ്. വരും വർഷങ്ങളിൽ ഇലക്ട്രോണിക്സ് നിർമ്മാണത്തിനും രൂപകൽപ്പനയ്ക്കുമുള്ള ഒരു പ്രധാന കേന്ദ്രമായി മാറാൻ ഇന്ത്യ പ്രാപ്തമാണ്.