ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ അമേരിക്കയുടെ നേരിട്ടുള്ള ഇടപെടലോടെ സാഹചര്യം കൂടുതൽ വഷളായി. ഇസ്രായേലിന്റെ ആവശ്യപ്രകാരം, ഇറാനിലെ മൂന്നു ആണവ കേന്ദ്രങ്ങൾ അമേരിക്കൻ യുദ്ധവിമാനങ്ങൾ ചാമ്പലാക്കിയതിനു പ്രതികാരമായി ഇറാൻ പുതിയ തന്ത്രങ്ങളിലേക്ക് കടക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇറാൻ പാർലമെന്റ് ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ അംഗീകാരം നൽകിയതായി വ്യക്തമാകുന്നു. ഇറാന്റെ ഉന്നത സുരക്ഷാ അതോറിറ്റിയായ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനംകൂടി വന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
അരനൂറ്റാണ്ടിലേറെയായി, ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായതും ഇടുങ്ങിയതുമായ എണ്ണ-വാതക കപ്പല്‍ റൂട്ടാണു ഹോര്‍മുസ് കടലിടുക്ക്. പേർഷ്യൻ ഗൾഫിനെ ഗൾഫ് ഓഫ് ഒമാൻ, അറബിക്കടൽ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണിത്. ആഗോള എണ്ണ വ്യാപാരത്തിന്റെ ഏകദേശം 30 ശതമാനവും, എൽഎൻജിയുടെ മൂന്നിലൊന്ന് ഭാഗവും ഈ കടലിടുക്കിലൂടെ ദിവസേന കടന്നുപോകുന്നത്. കടലിടുക്ക് അടയ്ക്കുന്നത് ആഗോള വിപണിയിലെ വ്യാപാരച്ചെലവ് വർദ്ധിപ്പിക്കുകയും എണ്ണവില കുതിക്കുകയും ചെയ്യും. ഇതിനോടകം തന്നെ അമേരിക്കയുടെ ഇടപെടലിനെ തുടർന്ന് എണ്ണവില 3% ഉയർന്നിട്ടുണ്ട്.
ഇന്ത്യയെ ഇത് വലുതായി ബാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇന്ത്യയുടെ പ്രധാന എണ്ണ കമ്പനികളുടെ കൈവശം മതിയായ ക്രൂഡ് ശേഖരമുണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. രാജ്യത്തെ ഇന്ധന സ്ഥിരത ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, ഹോർമുസ് കടലിടുക്കിന്റെ ഗതാഗതം തടസപ്പെട്ടാൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉൾപ്പെടെ ആഗോളതലത്തിലും പ്രാദേശികതലത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.