കേരളത്തിലെ സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. 75,000 ലേക്ക് എത്താന്‍ ഇനി വെറും 440 രൂപയുടെ ചെറിയ ദൂരം മാത്രം. ഇന്ന് പവന് 74,560 രൂപയും ഗ്രാമിന് 9,320 രൂപയുമാണ് ഉയര്‍ന്നത്. ഇന്ന് മാത്രം ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 1,560 രൂപയുടെ പെട്ടെന്നുള്ള വര്‍ധനവിലൂടെ ഏപ്രില്‍ 22 ലെ പവൻ്റെ റെക്കോര്‍ഡ് വില (74,320 രൂപ) മറികടന്നു.
അന്താരാഷ്ട്ര വിപണിയില്‍ നടക്കുന്ന ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയെ വലിയ തോതില്‍ ബാധിക്കുന്നു. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിലൊന്നാണ്. രാജ്യം ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നു. മുംബൈ വിപണിയിലെ നിരക്കിനെ അടിസ്ഥാനമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്.
ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം പോലുള്ള ഭൗമരാഷ്ട്രീയ സാഹചര്യം സ്വര്‍ണവിലയുടെ വര്‍ധനയ്ക്ക് പ്രധാന കാരണമായിട്ടുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡിമാന്‍ഡ് കുത്തനെ ഉയര്‍ന്നതും വില കൂട്ടാന്‍ സഹായിച്ചു. ഗ്രാം 10,000 ലെത്താന്‍ ഇനി 680 രൂപ മാത്രമാണ് ബാക്കി. പവനു 75,000 രൂപയെന്ന പുതിയ നാഴികക്കല്ലിലേക്ക് ഇനി വെറും 440 രൂപ മാത്രം.
കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ഗ്രാമിന് 710 രൂപയും പവന് 5,680 രൂപയുമാണ് വര്‍ധിച്ചത്. മേയ് മാസത്തിലുടനീളം മാത്രം വില 3,200 രൂപ (പവന്) ഉയര്‍ന്നു. വിവാഹ സീസണിൽ ഈ വില വര്‍ധന സാധാരണ ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കി. 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 7,670 രൂപയിലേക്കെത്തി. വെള്ളിവില 118 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.