ചരക്ക് സേവന നികുതി നിരക്കുകൾ യുക്തിസഹമാക്കുന്നത്തിന്റെ ഭാഗമായി 12 % ജി.എസ്.ടി നിരക്ക് ഒഴിവാക്കി, നികുതി സ്ലാബുകൾ നാലിൽ നിന്ന് മൂന്നായി ചുരുക്കിയേക്കും എന്ന് റിപ്പോർട്ട്. നിലവില്‍ 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നിരക്കുകളിലാണ് ജിഎസ്ടി ഈടാക്കുന്നത്. ഇതിൽ 12 % എന്ന വിഭാഗത്തിൽ വരുന്നവ 5 ശതമാനത്തിലേയ്ക്കോ 18 ശതമാനത്തിലേയ്ക്കോ മാറ്റിയേക്കും എന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
20 ലിറ്ററിന്റെ മിനറല്‍ വാട്ടര്‍, വാക്കി ടോക്കി, കവചിത പ്രതിരോധ വാഹനങ്ങള്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, കോണ്ടാക്ട് ലെന്‍സ്, ചീസ്, ഈന്തപ്പഴം, ഉണക്കിയ പഴങ്ങള്‍, ശീതീകരിച്ച പച്ചക്കറികള്‍, സോസേജ്-സമാനമായ ഉത്പന്നങ്ങള്‍, പാസ്ത, ജാം, പഴച്ചാറുള്ള പാനീയം, മയോണൈസ്, ടൂത്ത് പൗഡര്‍, ഫീഡിങ് ബോട്ടില്‍, പരവതാനി, കുട, തൊപ്പി, സൈക്കിള്‍, പെന്‍സില്‍, ക്രയോണ്‍സ്, ചിലയിനം ഷോപ്പിങ് ബാഗുകള്‍, 1,000 രൂപയില്‍ താഴെയുള്ള പാദരക്ഷ, മാര്‍ബിള്‍, ഗ്രാനൈറ്റ് തുടങ്ങിയവയാണ് 12 ശതമാനം നികുതി സ്ലാബിള്‍ ഉള്ളത്.
7,500 രൂപവരെയുള്ള ഹോട്ടല്‍ മുറികള്‍, നോണ്‍-ഇക്കണോമി ക്ലാസുകളിലെ വിമാനയാത്ര, ചില സാങ്കേതിക, ബിസിനസ് സേവനങ്ങള്‍ തുടങ്ങിയവയ്ക്കും 12 ശതമാനം സ്ലാബ് ആണ് ബാധകം
ജൂണിലോ ജൂലായിലോ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും. കഴിഞ്ഞ ഡിസംബറിലായിരുന്നു കൗണ്‍സിലിന്റെ അവസാനത്തെ യോഗം നടന്നത്.