രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും കേന്ദ്രവുമായുള്ള നികുതി വരുമാന വിഹിതം 50% ആക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാൻ അരവിന്ദ് പനഗരിയ. ബുധനാഴ്ച ലഖ്നൗവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ സംസ്ഥാനങ്ങൾക്ക് 41 ശതമാനം നികുതി വരുമാനമാണ് ലഭിക്കുന്നത്. 22-ലധികം സംസ്ഥാനങ്ങൾ നികുതി വരുമാനത്തിന്റെ പങ്ക് 50 ശതമാനമായി വർധിപ്പിക്കണമെന്ന ആവശ്യം കമ്മീഷനോട് ഉന്നയിച്ചിട്ടുണ്ടെന്നും ഉത്തർപ്രദേശും ഇതേ ആവശ്യം ഉന്നയിച്ച സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
“മുൻ ധനകാര്യ കമ്മീഷൻ 41% സംസ്ഥാനങ്ങൾക്കായി നിശ്ചയിച്ചിരുന്നു. ഇപ്പോഴും അതാണ് നിലവിലെ ക്രമം. എന്നാൽ കൂടുതൽ അധികാരവിനിമയത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും വേണ്ടി നിരവധി സംസ്ഥാനങ്ങൾ 50% വിഹിതം ആവശ്യപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും, ധനകാര്യ കമ്മീഷൻ രാഷ്ട്രപതിക്ക് നൽകുന്ന ശുപാർശകളിൽ ഇത് ഉൾപ്പെടുമോ എന്ന് വെളിപ്പെടുത്താൻ ചെയർമാൻ വിസമ്മതിച്ചു. എന്നാൽ, മുൻകാല ധനകാര്യ കമ്മീഷനുകളുടെ ശുപാർശകൾ പൊതുവെ അതേപടി അംഗീകരിക്കപ്പെട്ടിട്ടുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2025 ഒക്ടോബർ 31-നകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പനഗരിയ പറഞ്ഞു.
2023 ഡിസംബർ 31-ന് ഭരണഘടനയുടെ ആർട്ടിക്കിൾ 280 പ്രകാരമാണ് പതിനാറാം ധനകാര്യ കമ്മീഷൻ രൂപീകരിച്ചത്. 2026 ഏപ്രിൽ 1 മുതൽ 2031 മാർച്ച് 31 വരെ നികുതി വരുമാനം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ എങ്ങനെ വിഭജിക്കണം എന്നതിനെക്കുറിച്ചായിരിക്കും ഈ കമ്മീഷന്റെ പ്രധാന ശുപാർശ.