ഇന്ത്യയുടെ പൊതുമേഖല സ്ഥാപനങ്ങളിൽ എല്‍ഐസി ഒന്നാമത്. രാജ്യത്തെ വലിയ ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി), 2024-25 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തിൽ മികച്ച സാമ്പത്തിക പ്രകടനമാണ് കാഴ്ചവെച്ചത്. ഈ കാലയളവില്‍ 38 ശതമാനം വര്‍ധനവോടെ 19,013 കോടി രൂപയുടെ അറ്റാദായമാണ് എല്‍ഐസി നേടിയത്, ഇതോടെ ലഭത്തിൽ പബ്ലിക് സെക്ടറിലെ എസ്‌ബിഐയെ മറികടന്നു.
ആയിരക്കണക്കിന് ബ്രാഞ്ചുകള്‍ ഉള്ള എസ്ബിഐ, ഏഷ്യയിലെ വലിയ ബാങ്കുകളിലൊന്നാണ്. എന്നിരുന്നാലും, 2024-25ന്റെ അവസാന പാദത്തില്‍ എസ്ബിഐയുടെ അറ്റാദായം 18,643 കോടിയായിരുന്നു.അതിനേക്കാൾ എല്‍ഐസിയുടെ പ്രകടനം മികച്ചതായിരുന്നു. പുത്തന്‍ സാമ്പത്തിക കണക്കുകള്‍ മാനേജ്മെന്റിന്റെ കാര്യക്ഷമതയുടെയും, വിപണിയിലെ തന്ത്രപരമായ നീക്കങ്ങളുടെയും വിജയം തുറന്നുകാട്ടി.
2024-25 സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ കാലയളവിലും എല്‍ഐസിയുടെ മൊത്തം ലാഭം 48,151 കോടി രൂപയാണ്. സ്ഥിരതയും, കാലാനുസൃത നിക്ഷേപങ്ങള്‍ കൊണ്ടുള്ള വരുമാനശക്തിയും ഈ നേട്ടത്തിലേക്ക് സ്ഥാപനത്തെ നയിച്ചു. പുതിയ ഇന്‍ഷുറന്‍സ് പോളിസികളും ജനപ്രിയ പദ്ധതികളും വലിയ താത്പര്യം നേടിയതും ഈ നേട്ടത്തിന് സഹായകമായി.
2024-25 സാമ്പത്തിക വര്‍ഷത്തേക്ക് സ്റ്റാറ്റ്യൂട്ടറി ബോഡി ഓഹരി ഉടമകള്‍ക്ക് ഒരു ഓഹരിക്ക് 12 രൂപ അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.ലാഭവിഹിതത്തിനുള്ള റെക്കോഡ് തീയതി 2025 ജൂലൈ 25 ആണ്. അന്നേദിനം വ്യാപാരം അവസാനിക്കുമ്പോള്‍ കമ്പനി ബുക്കില്‍ പേരുള്ള ഓഹരിയുടമകള്‍ക്ക് എല്ലാം ലാഭവിഹിതം ലഭിക്കും.
2025 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് സോള്‍വന്‍സി അനുപാതം 2.11 മടങ്ങ് മെച്ചപ്പെട്ടിട്ടുണ്ട്. മുമ്പ് ഇത് 1.98 മടങ്ങ് ആയിരുന്നു. ഇത് സ്ഥാപനം പൊതു സാമ്പത്തിക പ്രതിബദ്ധതകള്‍ നിര്‍വഹിക്കാന്‍ കൂടുതല്‍ സജ്ജമാണെന്നതിന്റെ തെളിവാണ്. പോളിസി ഉടമകള്‍ക്കും നിക്ഷേപകര്‍ക്കും ഇത് വലിയ ആശ്വാസമാണ്.
ഒടുവില്‍, 2025ന്റെ അവസാന പാദത്തിലെ അറ്റ പ്രീമിയം വരുമാനം 1.47 ലക്ഷം കോടി രൂപയായി രേഖപ്പെടുത്തി. നേരിയ കുറവുണ്ടായിരുന്നെങ്കിലും സാമ്പത്തിക ആരോഗ്യവും വരുമാനത്തിലുമുള്ള സ്ഥിരത എല്‍ഐസിയെ ഇന്ത്യന്‍ പൊതു മേഖലയിലെ എടുത്തുപറയേണ്ട ശക്തിയാക്കി മാറ്റി.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ഇന്‍ഷുറന്‍സ് സ്ഥാപനമായി മാത്രമല്ല കേന്ദ്രസര്‍ക്കാരിന്റെ ലാഭകേന്ദ്രമായും എല്‍ഐസി ഉയര്‍ന്നു. മുന്നോട്ട് നോക്കുമ്പോള്‍ ഈ നേട്ടങ്ങള്‍ ഓഹരി വിപണിയിലും പൊതുജന ആശ്വാസങ്ങളിലും വ്യക്തമായി പ്രതിഫലിക്കും.