സ്വന്തമായൊരു ആശയം സ്റ്റാർട്ടപ് ആക്കി വളർത്തിയെടുക്കാമോയെന്ന് സംശയിച്ചു നടക്കുന്ന ചെറുപ്പക്കാർക്ക് സന്തോഷവാർത്ത. കണ്ണൂരിലും സ്റ്റാർട്ടപ്പുകളുടെ എണ്ണം വർധിക്കുകയാണ്. ജനുവരി മുതൽ ഇതുവരെ 40 സ്റ്റാർട്ടപ്പുകൾക്കാണ് ജില്ലയിൽ തുടക്കമിട്ടിരിക്കുന്നത്. ഐടി, വിദ്യാഭ്യാസം, കൃഷി, ഭക്ഷണം എന്നീ മേഖലയിലാണ് പുത്തൻ സംരംഭങ്ങളുമായി യുവാക്കൾ കടന്നുവരുന്നത്.
സംസ്ഥാന സർക്കാരിന്റെ കേരള സ്റ്റാർട്ടപ് മിഷനു കീഴിൽ മാങ്ങാട്ടുപറമ്പിൽ പ്രവർത്തിക്കുന്ന മൈ സോൺ സ്റ്റാർട്ടപ് ഇൻക്യുബേറ്ററിനു കീഴിൽ മാത്രം 30 സ്റ്റാർട്ടപ്പുകളാണ് ഈ സമയം തുടങ്ങിയത്. മൈസോണിൽ 95 സ്റ്റാർട്ടപ്പുകളാണ് പ്രവർത്തിക്കുന്നത്. എല്ലായിടത്തുമായി ഇരുന്നൂറോളം പേർ ജോലി ചെയ്യുന്നു. സ്റ്റാർട്ടപ് രംഗത്ത് കണ്ണൂർ പെട്ടെന്നു മുന്നേറുകയാണെന്ന് ഇൻക്യുബേറ്റർ സിഇഒ ഡോ.എ.മാധവൻ പറഞ്ഞു. ഐടി രംഗത്താണ് കൂടുതൽ സ്റ്റാർട്ടപ്പുകളുള്ളത്. തൊട്ടുപിന്നാലെ വിദ്യാഭ്യാസം.
സ്റ്റാർട്ടപ് തുടങ്ങാനുള്ള ആശയം മാത്രമായി എത്തിയാൽ സംരംഭമായി വളർത്തിയെടുക്കാനുള്ള സഹായമാണ് ഇൻക്യുബേറ്ററിൽ നൽകുന്നതെന്ന് മാധവൻ പറഞ്ഞു. പേര് റജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ കേന്ദ്ര സർക്കാരിനു കീഴിലുള്ള സ്റ്റാർട്ടപ് ഇന്ത്യ ഓൺലൈനിൽ റജിസ്റ്റർ ചെയ്യണം. അതിനു ശേഷം കേരള സ്റ്റാർട്ടപ് മിഷനിൽ റജിസ്റ്റർ ചെയ്യണം.
ഈ മൂന്നു ഘട്ടം കഴിയുന്നതോടെ സ്റ്റാർട്ടപ് റജിസ്ട്രേഷൻ ആയി. സ്ഥാപനം വളർത്തിയെടുക്കലാണ് അടുത്ത ഘട്ടം.നല്ല ആശയങ്ങൾക്ക് ഐഡിയേഷൻ ഗ്രാൻഡ് ആയി 3 ലക്ഷം രൂപ വരെ കേരള സ്റ്റാർട്ടപ് മിഷൻ നൽകും. പ്രൊഡക്ടൈസേഷൻ ഗ്രാൻഡ് ആയി കേന്ദ്രത്തിന്റെ സ്റ്റാർട്ടപ് ഇന്ത്യയുടെ സഹായവും ലഭിക്കാം. 5 മുതൽ 30 ലക്ഷം രൂപ വരെയാണ് നല്ല പ്രൊഡക്ടുകൾക്ക് ലഭിക്കുക.