2018ലെയും 2019ലെയും തുടർ പ്രളയങ്ങൾ തങ്ങളുടെ വയലിലെ പോഷകങ്ങളുടെ ഘടനയിൽ വരുത്തിയ മാറ്റങ്ങളും അത് മൂലം വിളവിലുണ്ടായ വ്യതിയാനവും ശ്രദ്ധിച്ചതിൽ നിന്നാണ് ദേവൻ ചന്ദ്രശേഖരനും സഹോദരി ദേവികയും ഫ്യുസലേജ് എന്ന ആശയത്തിലേക്കെത്തുന്നത്.
2018ലെ പ്രളയത്തെ ആസ്പദമാക്കി നിർമിച്ച മലയാള ചലച്ചിത്രം ഓസ്കർ നേട്ടത്തിന്റെ പടിവാതിൽ വരെയെത്തി മടങ്ങി. എന്നാൽ ആ പ്രകൃതി ദുരന്തത്തിൽ നിന്ന് രൂപം കൊണ്ട ഒരു ബിസിനസ് സംരംഭം അതിന്റെ വിജയ’പ്പറക്കൽ’ തുടരുകയാണ്.
ചേർത്തല സ്വദേശികളായ രണ്ട് സഹോദരീസഹോദരന്മാർ ആരംഭിച്ച ഫ്യുസലേജ് ഇന്നോവേഷൻസ് എന്ന സ്റ്റാർട്ടപ്പ് കാർഷിക മേഖലയിലെ നവ സംരംഭങ്ങളിൽ ലോകശ്രദ്ധ നേടുകയാണ്.
2018ലെയും 2019ലെയും തുടർ പ്രളയങ്ങൾ തങ്ങളുടെ വയലിലെ പോഷകങ്ങളുടെ ഘടനയിൽ വരുത്തിയ മാറ്റങ്ങളും അത് മൂലം വിളവിലുണ്ടായ വ്യതിയാനവും ശ്രദ്ധിച്ചതിൽ നിന്നാണ് ദേവൻ ചന്ദ്രശേഖരനും സഹോദരി ദേവികയും ഫ്യുസലേജ് എന്ന ആശയത്തിലേക്കെത്തുന്നത്. 2020ന്റെ മധ്യത്തിലാണ് കമ്പനി ആരംഭിച്ചത്.
ഓരോ പ്രദേശത്തെയും ഭൂമിയുടെയും വിളകളുടെയും വൈവിധ്യമാർന്ന സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കുമനുസൃതമായി, ഡ്രോൺ ഉപയോഗിച്ച് കൃഷി നിരീക്ഷിക്കുകയും വേണ്ട പരിഹാരങ്ങൾ ചെയ്യുകയുമാണ് ഫ്യുസലേജ് പ്രധാനമായും ചെയ്യുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ (കെഎസ്‌യുഎം) കളമശ്ശേരിയിലെ ടെക്‌നോളജി ഇന്നൊവേഷൻ സെൻ്ററിലാണ് കമ്പനി പ്രവർത്തിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലായി 6,500 കർഷകരുടെ ഉപഭോക്തൃ അടിത്തറ ഉണ്ടാക്കിയ സ്ഥാപനം കഴിഞ്ഞ വർഷം യുകെ ഗവൺമെൻ്റിൻ്റെ ഗ്ലോബൽ ഓൺട്രപ്രണർഷിപ്പ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ നേട്ടം കേരളം ആസ്ഥാനമായുള്ള കമ്പനിക്ക് യൂറോപ്പിലേക്കുള്ള വാതിൽ തുറന്നു കൊടുത്തു.
നേട്ടങ്ങളേറെ
ദേവനും ദേവികയും സ്വന്തം പണമുപയോഗിച്ച് തുടങ്ങിയ കമ്പനിക്ക് സർക്കാരുകളിൽ നിന്നും കോർപ്പറേറ്റുകളിൽ നിന്നും ഗ്രാൻ്റുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഐഐഎം കാലിക്കറ്റിന്റെ ബിസിനസ് ഇൻകുബേറ്റർ ആയ ഐഐഎം ലൈവ് ഉം കൊച്ചിൻ ഷിപ് യാര്‍ഡും സംയുക്തമായി നൽകുന്ന സീഡ് ഫണ്ടിങ്ങിന്റെ രണ്ടാം ഘട്ടത്തിൽ 90 ലക്ഷം രൂപയോളം വരുന്ന സാമ്പത്തിക സഹായത്തിനു അർഹമായ മൂന്ന് സ്റ്റാർട്ടപ്പുകളിൽ ഫ്യുസെലജ് ഇന്നോവേഷൻസും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. രാജ്യത്തെ മുൻനിര എൻജിഓ ആയ സെൽകോ ഫൗണ്ടേഷൻറെ 16 ലക്ഷം രൂപയുടെ ഗ്രാൻറ് അടുത്തിടെ കമ്പനിക്ക് ലഭിച്ചിരുന്നു. പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം സമീപഭാവിയിൽ നിക്ഷേപങ്ങൾക്കായി കമ്പനി ശ്രമിക്കുന്നുണ്ട്. കമ്പനി ഇതിനകം തന്നെ പ്രാരംഭ വരുമാന ഘട്ടത്തിലാണെന്ന് ദേവൻ പറഞ്ഞു.
ദേവൻ മാനേജിങ് ഡയറക്ടറും ദേവിക ഡയറക്ടറുമാണ്. അതുൽ ചന്ദ്രനും യദു കൃഷ്ണനും അഭിജിത്ത് കുശലനും സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിലെ എൻ്റമോളജിസ്റ്റ് ഡോ ബെറിൻ പത്രോസ്, സി. എ ഗിരിശങ്കർ, സി-മെറ്റ് മേധാവി ഡോ എ സീമ എന്നിവരാണ് കമ്പനിയുടെ ഉപദേശകർ.