നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ചെറുകിട ഇടത്തരം (എം.എസ്.എം.ഇ) സംരംഭകര്‍ക്ക് പ്രതീക്ഷിച്ചതൊന്നും ലഭിച്ചില്ല. നേരത്തേ 78 ലക്ഷം ചെറുകിട കച്ചവടക്കാര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും പുതിയ ബജറ്റില്‍ കാര്യമായൊന്നും വകയിരുത്തിയില്ല. എന്നാല്‍ ചെറുകിട,ഇടത്തരം സംരംഭങ്ങള്‍ക്ക് ആഗോളതലത്തില്‍ വളരാന്‍ ആവശ്യമായ സാമ്പത്തികം, സാങ്കേതിക വിദ്യ, പരിശീലനം തുടങ്ങിയവ നല്‍കാനുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തി.
അതേസമയം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ചെറിയ ആശ്വാസമായി ആദായ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഇളവ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് കൂടി നീട്ടുകയാണ് ചെയ്തത്. ഗിഫ്റ്റ് സിറ്റിയിലെ (GIFT Ctiy) ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (IFSC) സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 2025 മാര്‍ച്ച് 31വരെ നിലിവലുള്ള നികുതിയിളവ് ലഭിക്കും.
ഒരുലക്ഷം കോടി വായ്പ
ഇന്ത്യയുടെ ഭാവി ഇന്നത്തെ യുവാക്കളിലാണെന്ന തിരിച്ചറിവോടെ സാങ്കേതിക സംരംഭങ്ങള്‍ തുടങ്ങാന്‍ 50 വര്‍ഷത്തെ കാലാവധിയില്‍ നിസാര പലിശ നിരക്കിലോ പലിശ രഹിതമായോ ഉള്ള വായ്പകള്‍ ലഭ്യമാക്കാന്‍ ഒരുലക്ഷം കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. സ്വകാര്യമേഖലയില്‍ ഗവേഷണങ്ങള്‍ സജീവമാക്കാന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.
‘സണ്‍റൈസ്’ മേഖലയിലുള്ളവര്‍ക്ക് പിന്തുണയേകുംവിധമാണ് ധനമന്ത്രി ഈ പിന്തുണ പ്രഖ്യാപിച്ചത്. പുതിയ മേഖലയിലുള്ളതും അതിവേഗ വളര്‍ച്ചാ സാധ്യതയുള്ളതുമായ കമ്പനികളെയുമാണ് സണ്‍റൈസ് കമ്പനികള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഭാവിയില്‍ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് കരുതപ്പെടുന്ന മേഖലയാണിത്. വന്‍തോതില്‍ വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപം ആകര്‍ഷിക്കുന്ന മേഖലയുമാണിത്.
”ടെക്നോക്രാറ്റുകളായ യുവാക്കള്‍ക്ക് സംരംഭം തുടങ്ങാന്‍ ദീര്‍ഘകാല പലിശ രഹിത വായ്പയാണ് എടുത്തുപറയാവുന്ന മറ്റൊരു പ്രഖ്യാപനം. അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വര്‍ധന വരുത്തിയിട്ടുണ്ട് എന്നുള്ളത് ശ്രദ്ധേയമാണെന്ന് സംസ്ഥാന വ്യവസായ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്റ്റര്‍ ടി.എസ്. ചന്ദ്രന്‍ പറഞ്ഞു.
കോവിഡ് കാലത്ത് സംരംഭകര്‍ക്ക് പിന്തുണ നല്‍കുന്നകിനായി പ്രഖ്യാപിച്ച എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീമിനുള്ള (ECLGS) വിഹിതം 14,100 കോടിയില്‍ നിന്ന് 10,163 കോടിയായി കുറച്ചു. ബിസിനസിലെ പണമൊഴുക്ക് പ്രശ്‌നങ്ങള്‍ മറികടക്കാന്‍, ന്യായമായ പലിശ നിരക്കില്‍ ഈടില്ലാതെ വായ്പ നല്‍കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.