തിരുവനന്തപുരത്തും ആലപ്പുഴയിലും കമ്പനി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
ഭക്ഷണ വിതരണരംഗത്തെ സ്വിഗ്ഗിയും സൊമാറ്റോയുമടങ്ങുന്ന ബഹുരാഷ്ട്ര കമ്പനികളുടെ ആധിപത്യം തകർക്കാൻ ശ്രമിക്കുകയാണ് കേരളത്തിൽ നിന്നുള്ള പുത്തൻ ഇ-കോമേഴ്‌സ് സംരംഭമായ ലൈവ് ലോക്കൽ (ലൈലോ). ടെക്, ബിസിനസ് രംഗത്ത് വർഷങ്ങളുടെ പ്രവർത്തനപരിചയം കൈമുതലായുള്ള മൂന്ന് സംരംഭകരാണ് ലൈലോക്ക് പിന്നിൽ. തിരുവനന്തപുരത്തും ആലപ്പുഴയിലും കമ്പനി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
ആദ്യഘട്ടത്തിൽ ഭക്ഷണവിതരണത്തിൽ ശ്രദ്ധയൂന്നുന്ന കമ്പനി അടുത്ത ഘട്ടത്തിൽ മൽസ്യം, മാംസം, പച്ചക്കറി, പലചരക്ക് എന്നിവയുടെയെല്ലാം വിതരണമാണ് ലക്ഷ്യമിടുന്നത്. ഘട്ടം ഘട്ടമായി പ്രാദേശിക സമ്പദ് വ്യവസ്ഥകളുടെ ഏറ്റവും താഴെക്കിടയിലുള്ള സംരംഭങ്ങൾക്ക് പോലും ഡിജിറ്റൽ വൽക്കരണത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുന്ന പ്ലാറ്റ് ഫോമാക്കി ലൈലോയെ മാറ്റിയെടുക്കുകയാണ് ഉടമകളുടെ ലക്‌ഷ്യം.
ജോയ് സെബാസ്റ്റിയൻ, സജിത്ത് മുഹമ്മദ്, കോശി ചെറിയാൻ എന്നിവരാണ് ലൈലോയുടെ സ്ഥാപകർ. 2021ൽ കേന്ദ്രസർക്കാർ നടത്തിയ വീഡിയോ കോൺഫറൻസിങ് ഇന്നോവേഷൻ ചലഞ്ചിൽ വിജയിച്ച് ഒരു കോടി രൂപയുടെ സമ്മാനം നേടിയ ടെക്‌ജെൻഷ്യ സോഫ്റ്റ്‌വെയർ എന്ന കമ്പനിയുടെ തലവൻ കൂടിയാണ് ജോയ്.
സർവീസ് ചാർജ് കുറവ്.
പ്രാദേശിക വിപണിയിലൂന്നിക്കൊണ്ടാണ് ലൈലോ ഡെലിവറി രംഗത്തേക്ക് കടന്നു വരുന്നത്. മറ്റു പ്ലാറ്റ് ഫോമുകളെ അപേക്ഷിച്ച് സർവീസ് ചാർജ് വളരെ കുറവാണെന്നതാണ് ലൈലോയെ വ്യത്യസ്തമാക്കുന്നത്. മറ്റു കമ്പനികൾ 40 ശതമാനം വരെ ഈടാക്കുന്നിടത്ത് ബില്ലിന്റെ 15 ശതമാനമാണ് ലൈലോയിലെ സർവീസ് ചാർജ്.
“വിവിധ മേഖലകളായി തിരിച്ചാണ് ഞങ്ങളുടെ പ്രവർത്തനം. ഓരോ മേഖലയിലെയും വ്യാപാരികളെയും വിതരണക്കാരെയും കണ്ടെത്താൻ അതാതിടങ്ങളിലെ മറ്റു സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. മറ്റു ഡെലിവറി പ്ലാറ്റുഫോമുകളിൽ നിന്ന് വ്യത്യസ്തമായി ഡെലിവറി രംഗത്തുള്ളവർക്ക് നിശ്ചിത വരുമാനം ലൈലോ നൽകുന്നുണ്ട്,” കമ്പനി സിഇഒ കൂടിയായ ജോയ് പറഞ്ഞു.
തിരുവനന്തപുരത്ത് നൂറോളവും ആലപ്പുഴയിൽ നാൽപ്പതോളവും വ്യാപാരികൾ ലൈലോയുടെ ഭാഗമായിക്കഴിഞ്ഞു. രണ്ടു മാസത്തിനുള്ളിൽ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും അതിന് ശേഷം സംസ്ഥാനത്തിന് വെളിയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ലക്‌ഷ്യം.
മൽസ്യ വിതരണത്തിന് സംസ്ഥാന ഫിഷറീസ് ഡിപ്പാർട്മെന്റുമായി ധാരണാപത്രം ഒപ്പു വെച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യയുമായും ചർച്ചകൾ നടന്നു വരുന്നു.
ഡിജിറ്റൽ പരിവർത്തന വഴിയിൽ.
2018ൽ വിയറ്റ്നാമിലെ ഒരു ബാങ്കിന് വേണ്ടി നിർമ്മിച്ച ഒരു പ്രോജക്റ്റിൽ നിന്നാണ് ലൈലോ വികസിപ്പിച്ചത്. തങ്ങളുമായി ബന്ധപ്പെട്ട തെരുവ് കച്ചവടക്കാരുടെ ഡിജിറ്റൽ പരിവർത്തനം എളുപ്പമാക്കുന്ന ഒരു പ്ലാറ്റഫോം ബാങ്കിന് ആവശ്യമായിരുന്നു. വിയറ്റ്‌നാമും കേരളവും തമ്മിലുള്ള സമാനതകളാണ് ലൈലോ എന്ന ആശയത്തിലേക്ക് നയിച്ചത്.
കുടുംബശ്രീ യൂണിറ്റുകൾ ഉൾപ്പെടെയുള്ള ചെറുകിട വ്യാപാരികൾക്കായി ഡാറ്റാ അധിഷ്ഠിത വായ്പാ പ്ലാറ്റ്ഫോം ആരംഭിക്കുന്നത് ലൈലോയുടെ ലക്ഷ്യമാണ്.