കമ്പനിയുടെ ലാഭത്തിൽ നിന്ന് നിശ്ചിത വിഹിതം നിക്ഷേപകർക്കായി മാറ്റിവെയ്ക്കുന്ന കമ്പനികളെ പൊതുവെ മികച്ച അടിത്തറയുള്ള കമ്പനികളായി പരിഗണിക്കാറുണ്ട്. ലാഭവിഹിതത്തോടൊപ്പം ഓഹരി ഉടമകൾക്ക് സൗജന്യമായി ഓഹരികളും അനുവദിക്കുകയാണ് മിഡ്കാപ് ഐടി സോഫ്റ്റ്വെയർ കമ്പനിയായ ന്യൂജെൻ സോഫ്റ്റ്വെയർ ടെക്‌നോളജീസ്. 2023 ൽ കമ്പനിയുടെ ഓഹരി സ്വന്തമാക്കിയിരുന്നെങ്കിൽ മൾട്ടിബാഗർ റിട്ടേണും ലാഭവിഹിതവും ഇപ്പോൾ ബോണസ് ഓഹരിയും ലഭിക്കും.
ഡൽഹി ആസ്ഥാനമായുള്ള ആഗോള സോഫ്റ്റ്‌വെയർ കമ്പനിയാണ് ന്യൂജെൻ സോഫ്റ്റ്വെയർ ടെക്‌നോളജീസ്. വർക്ക്ഫ്ലോ ഓട്ടോമേഷൻ മുതൽ ഡോക്യുമെന്റ് മാനേജ്‌മെന്റ് ഇമേജിംഗ് വരെയുള്ള എൻഡ്-ടു-എൻഡ് സോഫ്‌റ്റ്‌വെയർ സൊല്യൂഷനുകളുടെ വികസന ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണിത്. ബിസിനസ് പ്രോസസ് മാനേജ്‌മെന്റ് (ബിപിഎം), എന്റർപ്രൈസ് കണ്ടന്റ് മാനേജ്‌മെന്റ് (ഇസിഎം) എന്നിവയിൽ വിപണിയിലെ മുൻനിര കമ്പനിയായ ന്യൂജെൻ സോഫ്റ്റ്‌വെയർ ടെക്‌നോളജീസിന് 74 ലധികം രാജ്യങ്ങളിൽ ബിസിനസുണ്ട്.
ബോണസ് ഇഷ്യു
മിഡ്-ക്യാപ് ഐടി സോഫ്റ്റ്വെയർ കമ്പനിയായ ന്യൂജെൻ സോഫ്റ്റ്വെയർ ടെക്‌നോളജീസ് ലിമിറ്റഡ് കഴിഞ്ഞ വർഷമാണ് ബോണസ് ഇഷ്യു പ്രഖ്യാപിച്ചത്. നവംബർ 27-ന് ചേർന്ന ബോർഡ് യോഗം 1:1 എന്ന അനുപാതത്തിൽ ബോണസ് ഓഹരികൾ അനുവദിക്കാനാണ് അംഗീകാരം നൽകിയത്. ന്യൂജെൻ സോഫ്റ്റ്‌വെയർ ടെക്‌നോളജീസിന്റെ ഒരു ഓഹരി കയ്യിൽ വെയ്ക്കുന്നവർക്ക് സൗജന്യമായി മറ്റൊരു ഓഹരി ലഭിക്കും.
കമ്പനി ബിഎസ്ഇയിൽ നൽകിയ ഫയലിംഗ് അനുസരിച്ച് ബോണസ് ഇഷ്യുവിന് യോഗ്യരായ ഓഹരി ഉടമകളെ കണ്ടെത്തുന്നതിനുള്ള റെക്കോർഡ് തീയതി ജനുവരി 12 ആണ്. ഈ ദിവസം കമ്പനിയുടെ റെക്കോർഡിൽ ഓഹരി ഉടമകളായവർക്ക് ലാഭവിഹിതം ലഭിക്കും.
ലക്ഷ്യവില
ഓഹരി വാങ്ങുന്നവർക്ക് 8ശതമാനത്തോളം നേട്ടമുണ്ടാകുമെന്നാണ് വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് പറയുന്നത്. ബ്രോക്കറേജ് ന്യൂജെൻ സോഫ്റ്റ്വെയർ ടെക്‌നോളജീസ് ലിമിറ്റഡ് ഓഹരിക്ക് ബൈ റേറ്റിംഗ് നൽകുകയും ലക്ഷ്യവില 1740 രൂപയായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച 1,607 രൂപയിൽ ലഭ്യമായ ഓഹരിക്ക് 8 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയാണുള്ളത്.
ലാഭവിഹിതം
ന്യൂജെൻ സോഫ്റ്റ്വെയർ ടെക്‌നോളജീസ് 2018 ഓഗസ്റ്റ് മുതൽ 6 തവണ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 12 മാസങ്ങളിൽ ന്യൂജെൻ സോഫ്റ്റ്വെയർ ടെക്‌നോളജീസ് 5 രൂപ വീതം ലാഭവിഹിതം നൽകി. 2023 ഓഗസ്റ്റിലാണ് ഓഹരി എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്തത്. നിലവിലെ ഓഹരി വിലയായ 1607.25 രൂപ പ്രകാരം ന്യൂജെൻ സോഫ്റ്റ്വെയർ ടെക്‌നോളജീസ് ഓഹരിക്ക് 0.31 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്.
ഓഹരി പ്രകടനം
വ്യാഴാഴ്ച വ്യാപാരത്തിനിടെ 52 ആഴ്‌ചയിലെ ഉയർന്ന വിലയിലെത്തിയ പ്രകടനമാണ് ന്യൂജെൻ സോഫ്റ്റ്വെയർ ടെക്‌നോളജീസ് നടത്തിയത്. 1,635 രൂപയാണ് ഓഹരിയുടെ പുതിയ 52 ആഴ്ചയിലെ ഉയരം. 299 രൂപയാണ് ഓഹരിയുടെ 52 ആഴ്ച താഴന്ന് വില. ഇതിൽ നിന്ന് ഓഹരി കഴിഞ്ഞ കാലങ്ങളിൽ മികച്ച പ്രകടനം നടത്തി എന്ന് മനസിലാക്കാം.
ന്യൂജെൻ സോഫ്റ്റ്വെയർ ടെക്നോളജീസ് ഓഹരികൾ കഴിഞ്ഞ 3 മാസത്തിനിടെ 84 ശതമാനം നേട്ടമുണ്ടാക്കി. 6 മാസത്തിനുള്ളിൽ 145 ശതമാനം റിട്ടേൺ നൽകിയ ഓഹരികൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം 335 ശതമാനമാണ് ഓഹരിയുടെ റിട്ടേൺ. 3 വർഷത്തിൽ 487 ശതമാനവും 5 വർഷത്തിൽ 430 ശതമാനവും ഓഹരികൾ ഉയർന്നു.
സാമ്പത്തികം
സെപ്റ്റംബറിൽ അവസാനിച്ച 2024 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ന്യൂജെൻ സോഫ്റ്റ്വെയർ ടെക്നോളജീസ് 29.70 ശതമാനം വളർച്ചയോടെ 293 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. മുൻ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 226 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. കമ്പനിയുടെ ഇബിഐടിഡിഎ 59.3 ശതമാനം വർധിച്ച് 57.2 കോടി രൂപയായി. കമ്പനിയുടെ മാർജിൻ 290 അടിസ്ഥാന നിരക്ക് മെച്ചപ്പെട്ട് 19.5 ശതമാനം ആയി.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.