ആദ്യ ശ്രമത്തിൽ കഴിച്ച് രുചി അറിഞ്ഞെങ്കിലും വിട്ടുകൊടുക്കാനില്ലെന്ന തീരുമാനമാണ് ഉത്തർപ്രദേശിലെ മീററ്റുകാരൻ അങ്കൂർ ത്യാഗിയെ വിജയിച്ച ബിസിനസുകാരനാക്കി മാറ്റിയത്. 2009-ൽ 1 ലക്ഷം രൂപ നിക്ഷേപിച്ച് ആരംഭിച്ച ആദ്യ സംരംഭം തൊഴിലാളി പ്രശ്നങ്ങളെ തുടർന്ന് പൂട്ടിപോയെങ്കിലും പുതിയ മേഖലയിൽ പുതിയ സാധ്യതകളാണ് അങ്കൂർ തേടിയത്. അമ്മയിൽ നിന്ന് കടമായി വാങ്ങിയ 6 ലക്ഷം രൂപയുമായി തുടങ്ങിയ പുതിയ സംരംഭം മൂന്ന് വർഷത്തിനിടെ 35 കോടി വിറ്റുവരവിലേക്ക് ഉയർന്നു. ലിഥിയം അയൺ ബാറ്ററി റീസൈക്ലിംഗ് രംഗത്തുള്ള കമ്പനി വളർച്ചയുടെ പുതിയ തലത്തിലേക്ക് ഉയരുകയാണ്.
ആദ്യ സംരംഭം പൂട്ടുന്നു
2005-ൽ ബി കോം പഠനകാലത്ത് ചെറിയ ജോലികൾ ചെയ്ത് വരുമാനം കണ്ടെത്തിയിരുന്നു, 2009-ൽ മീററ്റിലെ ഫിനാൻസ് വിഷയത്തിൽ എംബിഎയ്ക്ക് ചേർന്നതോടെയാണ് ആദ്യ സംരംഭം ആരംഭിക്കുന്നത്. പഠനത്തോടൊപ്പം സുഹൃത്തിനൊപ്പം ചേർന്ന് ഗാസിയാബാദിൽ റെസ്റ്റോറന്റ് ആയിരുന്നു ആദ്യ സംരംഭം. 1 ലക്ഷം രൂപയുടെ നിക്ഷേപമാണ് അങ്കൂറിനുണ്ടായിരുന്നത്. ചാട്ടും നൂഡിൽസും ദോശയും വില്പനയിലൂടെ സജീവമായിരുന്ന റസ്റ്റോറന്റ് 2 വർഷത്തിനുള്ളിൽ തൊഴിലാളി പ്രശ്നം കാരണം അടച്ചു പൂട്ടി.
വീണ്ടും പഠനം
ആദ്യ സംരംഭത്തിൽ കൈ പൊള്ളിയതോടെ തുടർ പഠനത്തിനായി ജയ്പുരിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലേക്ക് പോയി, 2014-ൽ കോഴ്‌സ് പൂർത്തിയാക്കിയ ശേഷം ഗാസിയാബാദിലെ ജസ്റ്റ് ഡയലിൽ സെയിൽസ് മാനേജരായി. പിന്നീട് പനാസോണിക്കിലേക്ക് മാറിയപ്പോഴാണ് പുതിയ ബിസിനസ് ആശയം ലഭിക്കുന്നത്. പനാസോണിക്കിൽ വെയർഹൗസ് മാനേജരായ അങ്കൂർ ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്നാണ് അടുത്ത ബിസിനസ് ഉടലെടുത്തത്.
ഇ-മാലിന്യം
ഇ-മാലിന്യങ്ങളെ പറ്റി പഠിച്ച അങ്കൂർ 2016-ൽ സുഹൃത്തുമായി ചേർന്ന് സിപ്‌ട്രെക്‌സ് ക്ലീൻടെക് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചു. ബാറ്ററികൾ റീസൈക്കിൾ ചെയ്‌ത ലിഥിയം അയൺ ബാറ്ററി മാലിന്യങ്ങൾ റീസൈക്ലിംഗ് കമ്പനിക്ക് കൈമാറുന്നതായിരുന്നു ബിസിനസ്. 2020 ഓടെ ബാറ്ററികൾ റീസൈക്കിൾ ചെയ്യുന്ന ബിസിനസ് ആരംഭിക്കാനുള്ള ശ്രമങ്ങൾ അങ്കൂർ ആരംഭിച്ചു. സിപ്ട്രെക്സിനെ നിലനിർത്തി പ്രഥ്വി ക്ലീൻ ടെക് എന്ന പേരിൽ റീസൈക്ലിംഗ് കമ്പനിയും ആരംഭിച്ചു. കേടായതും ഉപയോഗശൂന്യവുമായ ബാറ്ററികൾ ശാസ്ത്രീയ റീസൈക്ലിംഗാണ് കമ്പനി ചെയ്യുന്നത്.
അമ്മയിൽ നിന്ന് കടം വാങ്ങിയ മൂലധനം
2020 ജൂലൈയിൽ റിസൈക്ലിംഗ് രംഗത്തേക്ക് കടക്കാനുള്ള നിക്ഷേപത്തിന് സമീപിച്ചത് അമ്മയെയാണ്. പ്രഥ്വി ക്ലീൻ ടെക് സ്ഥാപിക്കാൻ അമ്മയിൽ നിന്ന് 6 ലക്ഷം രൂപ കടം വാങ്ങിയതായി 35 കാരനായ അങ്കുർ പറയുന്നു. അഞ്ച് ജീവനക്കാരുമായി തുടങ്ങിയ കമ്പനിക്ക് ഇന്ന് 40 ജീവനക്കാരും 35 മറ്റ് കരാർ തൊഴിലാളികളുമുണ്ട്.
റീസൈക്ലിംഗ് ബിസിനസ്
പുതിയ കാലത്തെ സാധ്യതകൾ മനസിലാക്കി റിസൈക്ലിംഗ് ബിസിനസിൽ അങ്കൂർ ശ്രദ്ധ കേന്ദ്രീകരിച്ചു. ഗാസിയാബാദിലെ കവി നഗറിൽ പുതിയ ഫാക്ടറി ആരംഭിച്ചു. 2021-ൽ 40 മെട്രിക് ടൺ ഇ-മാലിന്യം റീസൈക്കിൾ ചെയ്യാനുള്ള ശേഷിയുള്ള ഫാക്ടറി മീററ്റിലും ആരംഭിച്ചു. ഇതേ വർഷം ഗാസിയാബാദിൽ മറ്റൊരു ഓട്ടോമേറ്റഡ് ഫാക്ടറിയും ആരംഭിച്ചിട്ടുണ്ട്. ഇവിടെ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികളാണ് റിസൈക്ലിംഗ് ചെയ്യുന്നത്.
വരുമാനം
2020തിൽ 6 ലക്ഷം രൂപ മൂലധനത്തിൽ ആരംഭിച്ച കമ്പനി മൂന്ന വർഷത്തിനിടെ 35 കോടി രൂപയുടെ വിറ്റുവരവാണ് നടത്തിയത്. ആദ്യ വർഷത്തിൽ 12 കോടിയായിരുന്നു കമ്പനിയുടെ ആകെ വില്പന. നടപ്പു സാമ്പത്തിക വർഷം 14 കോടി രൂപയുടെ ബിസിനസ് ഇതുവരെ നടത്തിയ കമ്പനി 50 കോടി രൂപയിൽ ക്ലോസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്‌ട്രിക് വാഹനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, ലിഥിയം അയൺ ബാറ്ററി മാലിന്യം രാജ്യത്ത് വർധിക്കുന്നത് കമ്പനിക്കുള്ള ബിസിനസ് സാധ്യത വളർത്തുന്നു.