അവസരങ്ങൾ തിരിച്ചറിയുന്നതാണ് ബിസിനസ്. വിജയിക്കുമെന്ന ഒടുങ്ങാത്ത പ്രതീക്ഷയും ഇന്ധനമാണ്. ഇത് തിരിച്ചറിഞ്ഞ ഒരു വ്യക്തി നേടിയ വലിയ ബിസിനസ് വിജയത്തെപ്പറ്റിയാണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്.
കഷ്ടപ്പാടുകൾക്കിടയിൽ നിന്ന് ധീരമായി വിജയത്തിലേക്ക് നടന്നടുത്ത ഒരു വ്യക്തിയുടെ കഥയാണിത്. നിത്യച്ചെലവിനു പോലും പണമില്ലാതെ, റെയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങിയ ഒരാൾ. എന്നാൽ പിന്നീട് അദ്ദേഹം പടുതുയർത്തിയത് ആയിരക്കണക്കിന് കോടികളുടെ ബിസിനസ് സാമ്രാജ്യമാണ്. ആ ബിസിനസുകാരന്റെ പേരാണ് സത്യനാരായൺ നുവൽ.
രാജസ്ഥാനിലാണ് സത്യനാരായൺ ജനിക്കുന്നത്. പിതാവ് സർക്കാർ സർവീസിൽ അക്കൗണ്ടന്റായിരുന്നു. എന്നാൽ ചെറുപ്പം മുതലേ ബിസിനസിലായിരുന്നു അദ്ദേഹത്തിന് താല്പര്യം. 18ാം വയസ്സിൽ തന്നെ ഒരു ചെറിയ കെമിക്കൽസ് ട്രേഡിങ് സ്ഥാപനം അദ്ദേഹം ആരംഭിച്ചു. എന്നാൽ ഇതിൽ വലിയ വിജയം നേടാൻ സാധിച്ചില്ല.
മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലായിരുന്നു അദ്ദേഹം വിവാഹശേഷം താമസിച്ചിരുന്നത്. എന്നാൽ നിത്യേനയുള്ള ചിലവു കണ്ടെത്താൻ പോലും അദ്ദേഹം ബുദ്ധിമുട്ടി. പല ദിവസങ്ങളിലും റെയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങി. എന്നാൽ, ഒരു ദിവസം വിജയം നേടാമെന്ന പ്രതീക്ഷ അദ്ദേഹം കൈവിട്ടിരുന്നില്ല.
ബിസിനസ് അവസരം കണ്ടെത്തുന്നു
ഇവിടെ സത്യനാരായൺ നുവൽ ഒരു ബിസിനസ് അവസരം കണ്ടെത്തുകയാണ്. വാണിജ്യ ആവശ്യങ്ങൾക്ക് മതിയായ എക്സ്പ്ലോസീവ്സ് ലഭ്യമാകുന്നില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. 1970 ൽ അദ്ദേഹം എക്സ്പ്ലോസീവ്സ് മാഗസിനുകൾ വാടകയ്ക്ക് നൽകാൻ ആരംഭിച്ചു. ഒപ്പം കൽക്കരി ഖനികളിൽ ഉപയോഗിക്കുന്ന വെടിമരുന്നുകളും വാണിജ്യാടിസ്ഥാനത്തിൽ വില്പന നടത്തി.
സോളാർ ഇൻഡസ്ട്രീസ്
1995 ൽ അദ്ദേഹം സോളാർ ഇൻഡസ്ട്രീസ് എന്ന ഒരു കമ്പനി സ്ഥാപിച്ചു. തുടക്കത്തിൽ പൊതു ഉടമസ്ഥാവകാശത്തിലുള്ള കൽക്കരി ഖനികളിലേക്കുള്ള എക്സ്പ്ലോസീവ്സാണ് വിതരണം നടത്തിയിരുന്നത്. നിലവിൽ നാഗപൂർ ആസ്ഥാനമായ ഈ കമ്പനി 65 രാജ്യങ്ങളിലധികം പ്രവർത്തിക്കുന്നു.
ബിസിനസ് വളർച്ച
ഈ കാലയളവിൽ ഇന്ത്യയ്ക്ക് പുറത്തേക്ക് നിർമാണ യൂണിറ്റുകൾ വ്യാപിപ്പിക്കാൻ സോളാർ ഇൻഡസ്ട്രീസിനു സാധിച്ചു. ടാൻസാനിയ, ദക്ഷിണാഫ്രിക്ക, സാംബിയ, ഘാന, നൈജീരിയ എന്നിവിടങ്ങളിലാണ് പുതിയ യൂണിറ്റുകൾ ആരംഭിച്ചത്.
2010 ൽ ഇന്ത്യൻ ആർമിക്കു വേണ്ടി എക്സ്പ്ലോസീവ്സ് നിർമിക്കാൻ കേന്ദ്ര സർക്കാർ ലൈസൻസ് നൽകി. ഇത്തരത്തിൽ അനുമതി ലഭിക്കുന്ന ആദ്യ സ്വകാര്യ സംരംഭമായിരുന്നു ഇത്.
നിലവിൽ എക്സ്പ്ലോസീവ്സ് കൂടാതെ, പ്രൊപല്ലന്റുകൾ, ഗ്രനേഡുകൾ, ഡ്രോണുകൾ, വാർഹെഡ്സ് തുങ്ങിയവയെല്ലാം മേക് ഇൻ ഇന്ത്യ മിഷന്റെ ഭാഗമായി നിർമിക്കുന്നു. 35,800 കോടിയുടെ പ്രതിരോധ സാമഗ്രികൾ കമ്പനി നിർമിച്ചു കഴിഞ്ഞു.
ഒരു ദശാബ്ദത്തിനിടെ സോളാർ ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 1,700% വർധിച്ചു. 2012 ൽ 1765 കോടിയായിരുന്ന മൂല്യം 2022 നവംബറോടെ 35,000 കോടി എന്ന നിലയിലേക്കാണ് വർധിച്ചത്. സത്യനാരായണന്റെ ആസ്തിമൂല്യം, 2023 ൽ 190 കോടി ഡോളർ എന്ന നിലയിലേക്ക് ഉയർന്നു. സോളാർ ഇൻഡസ്ട്രീസിൽ അദ്ദേഹത്തിന് 73% പങ്കാളിത്തമാണുള്ളത്. ഫോബ്സിന്റെ ധനികരായ ഇന്ത്യക്കാരുടെ പട്ടികയിൽ 3 ബില്യൺ ഡോളർ ആസ്തിയോടെ അദ്ദേഹം 72ാം സ്ഥാനത്താണ്.
1 Comment
TXjxozkwRKxezcbs