കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. ഇതിന് പുറമേ കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന കേരളത്തിന്റെ ആവശ്യവും തള്ളിയിരിക്കുകയാണ് കേന്ദ്രസർക്കാർ.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയെയും ആനയെയും ഷെഡ്യൂൾ ഒന്നിൽനിന്ന് ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണം എന്ന ആവശ്യവും കേരളം ഉന്നയിച്ചിരുന്നു. എന്നാൽ, കടുവയും ആനയും സംരക്ഷിത പട്ടികയിൽ തന്നെ തുടരുമെന്നാണ് കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
അക്രമികാരികളായ മൃഗങ്ങളെ കൊല്ലാൻ വനംമേധാവികൾക്ക് അധികാരം നൽകിയിട്ടുണ്ടെന്നും വന്യജീവി ആക്രമണങ്ങൾക്ക് കാരണം സംസ്ഥാന സർക്കാരാണെന്നും തെറ്റിധരിപ്പിക്കുന്ന പ്രസ്താവനയാണ് കേന്ദ്രമന്ത്രി നടത്തിയത്. എന്നാൽ കേന്ദ്രം കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചാൽ മാത്രമേ അവയെ കൊല്ലുവാനും ഭക്ഷിക്കാനും കഴിയൂ. ആ നിയമത്തിൽ ഒരുമാറ്റവും വരുത്തില്ലെന്നാണ് കേന്ദ്രമന്ത്രി ഇന്ന് ആവർത്തിച്ച് വ്യക്തമാക്കിയത്.
അതേസമയം, കേരളത്തിനെതിരെ കേന്ദ്ര മന്ത്രി രൂക്ഷ വിമര്‍ശനവും ഉയര്‍ത്തി. വന്യജീവി സംഘർഷത്തിൽ കേരളം അവകാശങ്ങൾ കൃത്യമായി വിനിയോഗിക്കുന്നില്ലെന്നും വന്യമൃഗങ്ങളെ കൊല്ലാൻ ലളിതമായ നടപടിക്രമങ്ങൾ മാത്രമാണുള്ളതെന്നും ബാക്കി എല്ലാ സംസ്ഥാനങ്ങളും ഇത് വിനിയോഗിക്കുന്നുണ്ടെന്നും ഭൂപേന്ദ്ര യാദവ് വിമർശിച്ചു.