കാനഡയുമായുള്ള എല്ലാ വ്യാപാര കരാർ ചർച്ചകളും ഉടൻ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഡിജിറ്റൽ സേവനങ്ങൾക്ക് കാനഡ നികുതി ചുമത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ കടുത്ത പ്രതികരണം. ഈ നികുതി യുഎസ് ടെക്നോളജി കമ്പനികൾക്ക് ഏകദേശം 3 ബില്യൺ ഡോളറിന്റെ അധിക ചെലവ് ഉണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ.
ക്ഷീരോൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള മേഖലയിലെ കാനഡയുടെ 400 ശതമാനം വരെ തീരുവ ഈടാക്കുന്ന പഴയ നയങ്ങളും ട്രംപ് ചൂണ്ടിക്കാട്ടി. യുഎസ് ടെക് കമ്പനികളെ ലക്ഷ്യമാക്കി കാനഡ ഏർപ്പെടുത്തിയ പുതിയ നികുതി, യൂറോപ്യൻ യൂണിയന്റെ മാതൃകയെ അനുസരിക്കുന്നതാണെന്നും അതിനോടുള്ള ചർച്ച ഇപ്പോഴും നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും താൻ ഇനി അവസാനിപ്പിക്കുകയാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചു. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ കാനഡയ്ക്കെതിരായ പുതിയ താരിഫ് നടപടികൾ അറിയിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം ട്രംപ് സ്വീകരിച്ച കടുത്ത വ്യാപാരനയങ്ങളിലെ തുടർച്ചയാണ് ഇതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അധികാരത്തിൽ വരുന്നതിന് മുമ്പുതന്നെ കാനഡയുമായി അത്രനല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. അന്നത്തെ കുറിപ്പുകളിൽ കാനഡയെ അമേരിക്കയിൽ ലയിപ്പിക്കുമെന്ന പ്രസ്താവനകൾ വരെ നടത്തിയിരുന്നു. അതിനെതിരെ കടുത്ത നിലപാടെടുത്താണ് ട്രംപ് വീണ്ടും ആഗോള വ്യാപാരത്തിനെതിരായ ശക്തമായ മുന്നേറ്റം നടത്തുന്നത്. പുതിയ ഡിജിറ്റൽ നികുതി വ്യവസ്ഥ തിങ്കളാഴ്ച പ്രാബല്യത്തിൽ വരും.