എയർ കണ്ടീഷണറുകളുടെ ഉപയോഗത്തിൽ നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍. നിർദേശപ്രകാരം, പുതിയ എസി യൂണിറ്റുകളുടെ മിനിമം താപനില 20 ഡിഗ്രി സെൽഷ്യസായിരിക്കും. അതായത് ഇതിലും താഴെയുള്ള കൂളിങ് അനുവദിക്കില്ല. ഊർജ സംരക്ഷണത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഊർജ മന്ത്രി മനോഹർലാൽ ഖട്ടർ വ്യക്തമാക്കി.
അതുപോലെ,എസി യൂണിറ്റുകൾ ചൂടിനായി ഉപയോഗിക്കുമ്പോൾ താപനില 28 ഡിഗ്രിക്ക് മുകളിലേക്കും ഉയര്‍ത്താനാവില്ല. നിലവിൽ ഇത് 30 ഡിഗ്രിയാണ്. കേന്ദ്ര വിജ്ഞാപനം വന്ന ശേഷം നിർമിക്കുന്ന എസി യൂണിറ്റുകൾക്കാണ് ഈ നിയന്ത്രണങ്ങൾ ബാധകമാവുക.
മിനിമം താപനില 24 ഡിഗ്രിയാക്കാനായിരുന്നു സർക്കാരിന് തീരുമാനം. എന്നാൽ ചില എതിർപ്പുകൾ മൂലം മന്ത്രാലയം അത് 20 ഡിഗ്രിയാക്കി. ഭാവിയിൽ ഈ പരിധി വീണ്ടും ഉയര്‍ത്താൻ സാധ്യതയുണ്ടെന്നും കേന്ദ്ര ഊർജ മന്ത്രാലയം സൂചിപ്പിച്ചു.
എസിയുടെ സെറ്റിംഗ് ഓരോ ഡിഗ്രി ഉയർത്തുമ്പോഴും 6% വൈദ്യുതി ലാഭം സാധ്യമാകും. 20ല്‍ നിന്ന് 24 ഡിഗ്രിയിലേക്കുള്ള മാറ്റം 24% വൈദ്യുതി ലാഭിക്കും. രാജ്യത്തെ എസി ഉപയോക്താക്കളിൽ പകുതിപേരും ഇതനുസരിച്ച് ഉപയോഗിച്ചാൽ, പ്രതിവർഷം 1,000 കോടി യൂണിറ്റ് വൈദ്യുതി ലാഭിച്ച് 5,000 കോടി രൂപയും 82 ലക്ഷം ടൺ കാർബൺ പുറന്തള്ളലും ഒഴിവാക്കാമെന്നാണ്.ഊർജമന്ത്രാലയ സെക്രട്ടറി പങ്കജ് അഗർവാൾ അറിയിച്ചത്.
ഈ നിയന്ത്രണങ്ങൾ കെട്ടിടങ്ങളിൽ മാത്രമല്ല, വാഹനങ്ങളിലെ എസി യൂണിറ്റുകളിലേക്കും വ്യാപിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഉയർന്ന ഊർജ ഉപഭോഗം, കാലാവസ്ഥാ വ്യതിയാനം, താപനില വർധിക്കൽ തുടങ്ങിയ സാഹചര്യങ്ങളിലാണ് പുതിയ ചട്ടം നടപ്പാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.