ആക്സിയം-4 ദൗത്യത്തിന് നാസ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു. നിരവധി തവണ മാറ്റിവച്ച ദൗത്യം ജൂൺ 25-ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്ന് പുറപ്പെടുമെന്ന് നാസ അറിയിച്ചു. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പുറപ്പെടുന്നത്.
വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റനായ ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാംശു ശുക്ല, നാസയുടെ മുതിർന്ന ആസ്ട്രോണട്ട് ആക്സിയം സ്പേസിന്റെ ഡയറക്ടറുമായ പെഗ്ഗി വിറ്റ്സൺ, പോളണ്ടുകാരനായ സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിലെ ടിബോർ കാപു എന്നിവരാണ് ദൗത്യത്തിലെ അംഗങ്ങൾ.
മെയ് 29-നായിരുന്നു ആദ്യം വിക്ഷേപം തീരുമാനിച്ചിരുന്നത്. എന്നാൽ മോശം കാലാവസ്ഥ, ദ്രാവക ഓക്സിജൻ ചോർച്ച, ഫാൽക്കൺ റോക്കറ്റിന്റെ സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ദൗത്യം നിരവധി തവണ നീട്ടിയത്. ഈ ദൗത്യത്തിലൂടെ 41 വർഷത്തിനുശേഷമാണ് ഇന്ത്യക്കാരൻ ബഹിരാകാശത്തിലേക്ക് പോകാനൊരുങ്ങുന്നത്. ദൗത്യം വിജയിച്ചാൽ ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ, ഐഎസ്എസ് തൊടുന്ന ആദ്യ ഇന്ത്യക്കാരൻ എന്നീ ചരിത്ര നേട്ടങ്ങൾ ശുഭാംശു ശുക്ല കൈവരിക്കും.
14 ദിവസം നീളുന്ന ദൗത്യത്തിൽ ശാസ്ത്രീയ പരീക്ഷണങ്ങളും അന്താരാഷ്ട്ര സഹകരണ പ്രവർത്തനങ്ങളും നടപ്പാക്കും. ഐഎസ്ആർഒ, നാസ, ഇഎസ്എ എന്നിവയുടെ സഹകരണത്തോടെയാണ് അമേരിക്കൻ സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസ് ദൗത്യത്തിനൊരുങ്ങുന്നത്.