ഇന്ത്യയിലെ പണനയത്തിൽ നിർണായക ഇളവുകൾ വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 50 ബേസിസ് പോയിൻറ് (ബിപിഎസ്) കുറച്ച് 5.50 ശതമാനമാക്കി. വരുംമാസങ്ങളിലും പണപ്പെരുപ്പം കുറഞ്ഞ നിലയില്‍ തുടരാനുള്ള സാധ്യതയും ആഗോള തലത്തിലെ ദുര്‍ബല സാഹചര്യവും കൂടി കണക്കിലെടുത്താണ് ഈ തീരുമാനം.
സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ പണനയ പ്രഖ്യാപനത്തിലാണ് കേന്ദ്രബാങ്ക് അടിസ്ഥാന പലിശനിരക്കായ റിപ്പോയിൽ 0.50% കുറവ് പ്രഖ്യാപിച്ചത്. തുടർച്ചയായ മൂന്നാം തവണയാണ് ആർബിഐ നിരക്ക് കുറയ്ക്കുന്നത്. അതോടെ, ആകെ 1% വരെയാണ് ഈ സാമ്പത്തിക വർഷം ആർബിഐ കുറവ് വരുത്തിയത്. ഈ നീക്കം ബാങ്കുകളുടെ വായ്പ പലിശനിരക്കുകൾ കുറയ്ക്കാനുള്ള സാധ്യത ഉയർത്തുന്നു, അതിനാൽ, ഉപഭോക്താക്കൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും വായ്പാ ഭാരം കുറയാൻ ഇടയാകും.
ഇപ്പോൾ, സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക് 5.25 ശതമാനവും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്ക് 5.75 ശതമാനവുമാണ്.
ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യയെന്നും, സമീപ മാസങ്ങളിൽ പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. വിപണിയില്‍ പണലഭ്യത ഉറപ്പാക്കുന്നതിന് കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) ഒരു ശതമാനം കുറച്ചു. നിലവിലെ നാല് ശതമാനത്തില്‍നിന്ന് മൂന്ന് ശതമാനമായാണ് താഴ്ത്തിയത്. നാല് ഘട്ടമായാണ് സിആര്‍ആര്‍ കുറയ്ക്കുകയെന്നും ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര കൂട്ടിച്ചേർത്തു.
ഉപഭോക്തൃ വില സൂചിക (സിപിഐ) അളക്കുന്ന ചില്ലറ പണപ്പെരുപ്പം 2025 ഏപ്രിലിൽ 3.16 ശതമാനമായി കുറഞ്ഞു, മാർച്ചിൽ ഇത് 3.34 ശതമാനമായിരുന്നു, ഇത് 2019 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. തുടർച്ചയായ മൂന്നാം മാസവും പണപ്പെരുപ്പ സംഖ്യകൾ ആർബിഐയുടെ ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തിൽ താഴെയാണ്.
ആർബിഐയുടെ ഇളവുകൾ നിലവിലെ നേട്ടങ്ങൾ നിലനിർത്തുന്നതിനും സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഊർജ്ജം നൽകുന്നു. ഉപഭോക്താക്കൾക്കും വ്യവസായികൾക്കും പോസിറ്റീവ് സിഗ്നലായിരിക്കും എന്ന് ആനുകാലിക സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു.