കെഎസ്ആർടിസിയിലെ സ്ഥിരം ജീവനക്കാർക്ക് ആശ്വാസകരമാകുന്ന പുതിയ ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ. കെഎസ്ആർടിസി എസ്ബിഐയുമായി ചേർന്ന് നടപ്പാക്കുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ജൂൺ നാലിന് നിലവിൽ വന്നു. പദ്ധതിയിലൂടെ ജീവനക്കാർക്ക് അപകടമരണത്തിനും പൂർണമായ അംഗവൈകല്യത്തിനും ഒരുകോടി രൂപവരെ നഷ്ടപരിഹാരം ലഭിക്കും. ഇത് ഡ്യൂട്ടിക്കിടെ അല്ലെങ്കിലും പരിഗണിക്കപ്പെടും. പദ്ധതിയുടെ പ്രത്യേകത ജീവനക്കാർക്ക് പ്രീമിയം അടക്കേണ്ടതില്ല എന്നതാണ്.
കെഎസ്ആര്‍ടിസിയിലെ 22,000ലേറെ വരുന്ന സ്ഥിരം ജീവനക്കാര്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി. ഇതുവഴി അപകടമരണങ്ങള്‍ക്ക് മാത്രമല്ല, അപകടത്തില്‍ പൂര്‍ണവൈകല്യം സംഭവിച്ചാലും ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിക്കും. ഭാഗികമായി അപകടം സംഭവിച്ചാല്‍ 80 ലക്ഷം രൂപ ലഭിക്കും. ഗ്രൂപ്പ് ടേം ലൈഫ് ഇന്‍ഷുറന്‍സ് പ്രകാരം 25,000 രൂപയ്ക്ക് മുകളില്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് 6 ലക്ഷവും അപകടത്തില്‍ മരിക്കുന്നവരുടെ പങ്കാളിക്കും മക്കള്‍ക്കും 5 ലക്ഷവും നല്‍കും. 50,000ന് മുകളില്‍ ശമ്പളമുള്ളവര്‍ വിമാന അപകടത്തില്‍ മരിച്ചാല്‍ 1.6 കോടി രൂപ ലഭിക്കും. കെഎസ്ആര്‍ടിസി നല്കുന്ന അപകട ആനുകൂല്യങ്ങള്‍ക്ക് പുറമേയാണിത്.
കൂടാതെ, 1995 രൂപയുടെ വാർഷിക ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയും നടപ്പാക്കി. രണ്ടു ലക്ഷംമുതൽ 15 ലക്ഷം വരെയാണ് ചികിത്സാസഹായം . ജീവനക്കാരുടെ പങ്കാളിയെയും രണ്ടു മക്കളെയും ഇതിൽ ചേർക്കാം. 2495 രൂപ അടച്ചാൽ മൂന്ന് ലക്ഷം മുതൽ 30 ലക്ഷംവരെ ചികിത്സാ സഹായം ലഭിക്കും. 75 വയസുവരെയുള്ളവർക്ക് വർഷംതോറും പുതുക്കി പരിരക്ഷ ഉറപ്പാക്കാം.
ഇനിമുതൽ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ,
● പ്ലാസ്റ്റിക് സർജറി, പൊള്ളൽ എന്നിവയ്ക്ക് 10 ലക്ഷംവരെ
● എയർ ആംബുലൻസ് സൗകര്യത്തിന് 10 ലക്ഷംവരെ
● കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായം (ഒരുകുട്ടിക്ക്) 10 ലക്ഷം
● പെൺകുട്ടികളുടെ വിവാഹം , 10 ലക്ഷം വരെ (ഒരുകുട്ടിക്ക് പരമാവധി അഞ്ച് ലക്ഷം)
● വിദേശത്ത് ഡ്യൂട്ടിക്കിടെ മരിച്ചാൽ 10 ലക്ഷം
● ചികിത്സയ്ക്ക് വിദേശത്തുനിന്ന് മരുന്നിന് അഞ്ച് ലക്ഷം
● കോമയ്ക്ക് ശേഷമുള്ള 48 മണിക്കൂറിനുള്ളിൽ അഞ്ച് ലക്ഷം
● അപകടശേഷം കുടുംബത്തിന്റെ യാത്ര ചെലവ് 50,000
● മൃതദേഹം നാട്ടിലെത്തിക്കാൻ 50,000
● ആംബുലൻസ് ചെലവ് 50,000
ജീവനക്കാർക്ക് ആഗോള നിലവാരത്തിലുള്ള പരിരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കുന്ന പദ്ധതിയാണ് ഇത്. പ്രീമിയം ഇല്ലാതെ വലിയ തുക നഷ്ടപരിഹാരവും, കുടുംബത്തിന്റെയും ഭാവിയുടെയും സംരക്ഷണവുമാണ് ഈ പദ്ധതികളുടെ ലക്ഷ്യം. അപകടങ്ങളും അതിന്റെ ആഘാതങ്ങളും ലഘൂകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആർടിസിയും സർക്കാരും.