മുകേഷ് അംബാനിക്ക് പുത്തൻ പ്രതീക്ഷ നൽകി വിപണി. കേവലം 5 ദിവസങ്ങൾ കൊണ്ട് ആസ്തിമൂല്യത്തിൽ വൻ വർധനവാണ് മുകേഷ് അംബാനി കൈവരിച്ചിരിക്കുന്നത്. മുകേഷ് അംബാനിയുടെ ആസ്തി മൂല്യത്തിൽ 30,786.38 കോടി രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് സ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസിന്റെ മാർക്കറ്റ് മൂല്യത്തിൽ സംഭവിച്ച ഉയർച്ചയാണ് ഈ വർധനവിന് കാരണം.
കഴിഞ്ഞ ദിവസത്തെ ആസ്തി കണക്കനുസരിച്ച്, മുകേഷ് അംബാനിയുടെ ആസ്തി മൂല്യം 109.2 ബില്യൺ ഡോളറാണ്. ഇതോടെ അദ്ദേഹം ലോക ധനികരിൽ പതിനാറാം സ്ഥാനത്തെത്തി. കഴിഞ്ഞ വാരാന്ത്യത്തിൽ വ്യാപാരത്തിനുശേഷം റിലയൻസിന്റെ ആകെ വിപണി മൂല്യം 19,53,480.09 കോടി രൂപയായിരുന്നു. ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും മൂല്യമുള്ള സ്ഥാപനമായി റിലയൻസ് തുടരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
മാത്രമല്ല, കഴിഞ്ഞ ആഴച്ചയിൽ വിപണി മൂല്യത്തിൽ ആകെ 1,00,850.96 കോടി രൂപയുടെ വർധനയാണ് ഉണ്ടായത്. ഈ നേട്ടത്തിൽ റിലയൻസ് ഇൻഡസ്ട്രീസിനും എച്ച്.ഡി.എഫ്.സി. ബാങ്കിനും സുപ്രധാന പങ്കുണ്ട്. റിലയൻസ് 30,786.38 കോടി രൂപയുടെ വിപണി മൂല്യ വർധനയുമായി മുന്നിൽ നിൽക്കുമ്പോൾ, എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വിപണി മൂല്യം 26,668.23 കോടി രൂപ ഉയർന്ന് 15,15,853.35 കോടി രൂപയായി മാറി.
ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഭാരതി എയർടെൽ, ഇൻഫോസിസ്, എൽഐസി, എസ്.ബി.ഐ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും വലിയ ഓഹരി നേട്ടങ്ങളാണ് രേഖപ്പെടുത്തിയത്. ബജാജ് ഫിനാൻസിന് 12,322.96 കോടി രൂപയുടെ നേട്ടവും ഹിന്ദുസ്ഥാൻ യൂണിലിവറിന് 9,280.89 കോടി രൂപയുടെ നേട്ടവുമാണ് ഉണ്ടായത്. ഭാരതി എയർടെല്ലിന്റെ വിപണി മൂല്യം 7,127.63 കോടി രൂപയും, എൽഐസിക്ക് 3,953.12 കോടി രൂപയും, ഇൻഫോസിസിന് 519.27 കോടി രൂപയും ഉയർന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യത്തിൽ 401.61 കോടിയുടെ വളർച്ചയും രേഖപ്പെടുത്തി.
എന്നാൽ, ടാറ്റയ്ക്ക് ഈ വാരത്തിൽ തിരിച്ചടി ഉണ്ടായി. കമ്പനിയുടെ വിപണി മൂല്യം 28,510.53 കോടി രൂപയുടെ ഇടിവോടെ 12,24,975.89 കോടി രൂപയായി കുറഞ്ഞു.