കാട്ടാക്കട നിയോജകമണ്ഡലത്തെ പാരിസ്ഥിതിക മോഡലാക്കി മാറ്റിയ ഐ.ബി. സതീഷ് എം.എൽ.എയ്ക്ക് സംസ്ഥാന പരിസ്ഥിതി സംരക്ഷക പുരസ്കാരം. പരിസ്ഥിതി സംരക്ഷണ രംഗത്ത് മികവ് പ്രകടിപ്പിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിനായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് നൽകുന്ന സംസ്ഥാന പരിസ്ഥിതി സംരക്ഷക പുരസ്കാരത്തിന് ഐ.ബി. സതീഷ് എം.എൽ.എ അർഹനായി.
കഴിഞ്ഞ ഒമ്പതുവർഷക്കാലമായി സുസ്ഥിര വികസനത്തിലൂന്നി കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളാണ് ഐ.ബി സതീഷ് എം.എൽ.എയെ പുരസ്കാര ജേതാവാക്കിയത്. കാറ്റും മഴയും വരെ തത്സമയം അളക്കാൻ കഴിയുന്ന, ഐഒടി സാങ്കേതികവിദ്യ ഉപയോഗിച്ച കേരളത്തിലെ ആദ്യ പഞ്ചായത്തായി കാട്ടാക്കടയെ രൂപപ്പെടുത്തുകയും, ജലസമൃദ്ധി മുതൽ കാർബൺ ന്യൂട്രൽ പദ്ധതി വരെ നൂറുകണക്കിന് പാരിസ്ഥിതിക ആശയങ്ങളാണ് ഐ.ബി. സതീഷ് എം.എൽ.എ ജനങ്ങളിലെത്തിക്കുകയും ചെയ്തു.
സുസ്ഥിര വികസന വളർച്ച കൈവരിക്കുന്നതിനായി ജനപ്രതിനിധി എന്ന നിലയിൽ താഴെത്തട്ട് മുതൽ ദീർഘവീക്ഷണത്തോടെ നടപ്പാക്കിയ പാരിസ്ഥിതിക സൗഹാർദ്ദ പ്രവർത്തനങ്ങളാണ് ഐ.ബി സതീഷ് എം.എൽ.എയെ പരിസ്ഥിതി സംരക്ഷകൻ എന്ന നിലയിൽ ശ്രദ്ധേയനാക്കിയത്. അവയവദാന ക്യാമ്പയിന്, ജൈവ പച്ചക്കറി കൃഷി, വീട്ടിലൊരു കറിവേപ്പ് തുടങ്ങിയ പരിപാടികള്‍ സംസ്ഥാനത്താകെ മാതൃകയായി. കാട്ടാക്കട മണ്ഡലത്തെ ലോകശ്രദ്ധയിലേക്ക് ആകർഷിച്ച, ഐക്യരാഷ്ട്ര സഭയുടെ ലോക പുനർ നിർമ്മാണ കോൺഫറൻസിൽ വരെ പ്രതിപാദിക്കാൻ ഇടയാക്കിയ ജലസമൃദ്ധി പദ്ധതി എന്ന ആശയം ഐ.ബി.സതീഷാണ് രൂപപ്പെടുത്തിയത്.
സ്ത്രീ സൗഹൃദ മണ്ഡലം എന്ന നിലയിൽ ആവിഷ്കരിച്ച ഒപ്പം പദ്ധതി, ലഹരി വിമുക്തമണ്ഡലത്തിനായി ആവിഷ്കരിച്ച കൂട്ട് പദ്ധതി, കാർഷിക സ്വയം പര്യാപ്തതയ്ക്കായി ജൈവസമൃദ്ധി പദ്ധതി, വായുമലിനീകരണ തോത്, ജലനിരപ്പ്, ഊർജ്ജ ഉപഭോഗം, മഴ, ഈർപ്പം, കാറ്റ്, താപനില എന്നിവയൊക്കെ തത്സമയം അറിയുന്നതിനായി കാട്ടാക്കട പഞ്ചായത്തിനെ കേരളത്തിലെ ആദ്യ IoT അധിഷ്ഠിത പഞ്ചായത്താക്കി മാറ്റിയത്, ജൈവ വൈവിധ്യ സംരക്ഷണത്തിനും പരിപാലനത്തിലും മുന്തിയ പരിഗണന നൽകി കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കി വരുന്ന കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതി, കാവുകളുടെ പുനരുജ്ജീവന പദ്ധതി, 4 പഞ്ചായത്തുകളിൽ സ്കൂൾ ഔഷധത്തോട്ടം, ബട്ടർഫ്ളൈ പാർക്ക്, സ്മൃതി വനം, പച്ചത്തുരുത്തുകൾ തുടങ്ങിയ ജൈവ വൈവിധ്യ പദ്ധതികൾ, നാടാകെ പ്ലാവ് എന്ന് പേരിട്ട് കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ ഒരു ലക്ഷം പ്ലാവിൻ തൈകൾ നട്ടുവളർത്തിയത്, ഓണത്തിന് കാട്ടാക്കട മണ്ഡലത്തിൽ 8.5 ഹെക്ടറിൽ പൂകൃഷി തുടങ്ങിയവ ഐ.ബി സതീഷ് എം.എൽ.എയുടെ നാടിനോടുള്ള പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണങ്ങളാണ്.
ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്കാരങ്ങള്‍. ജൂൺ അഞ്ചിന് രാവിലെ 10.30ന് മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ലോക പരിസ്ഥിതിദിനത്തിന്റെ സംസ്ഥാനതല ദിനാചരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.