കേരളത്തിലെ ഐടി മേഖലയെ ശക്തിപ്പെടുത്താൻ ലുലു ഗ്രൂപ്പിൻ്റെ ഐടി ടവറുകൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള ഈ ഐടി സമുച്ചയങ്ങളുടെ ഉദ്ഘാടനം കൊച്ചി സ്മാർട്ട് സിറ്റിയിൽ 28ന് നടക്കും. 30 നിലകളുള്ള ഈ ഐടി ടവറുകൾ കേരളത്തിലെ ഏറ്റവും ഉയരമുള്ള വാണിജ്യ സമുച്ചയമായി മാറാൻ തയ്യാറെടുക്കുകയാണ്.
1500 കോടി മുതൽമുടക്കിലാണ് ഐടി ടവറുകൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. 25 ലക്ഷം ചതുരശ്രയടി ഓഫീസ് സൗകര്യമാണ് ഇരു ടവറുകളിലുമായി ഉള്ളത്. 34 ലക്ഷം ചതുരശ്രയടിയിലാണ് ടവർ നിർമാണം പൂർത്തിയാക്കിയത്. 12.74 ഏക്കറിൽ 34 ലക്ഷം ചതുരശ്രയടിയിൽ 153 മീറ്റർ ഉയരമാണ് ടവറുകൾക്കുള്ളത്.
കെട്ടിടനിർമാണത്തിന്റെ ഗുണനിലവാരം അടിസ്ഥാനമാക്കി രണ്ട് കെട്ടിടങ്ങൾക്കും പ്രീ സർട്ടിഫൈഡ് ലീഡ് പ്ലാറ്റിനം ലഭിച്ചിട്ടുണ്ട്.
പ്രവർത്തനം ആരംഭിക്കുന്നതോടെ 30,000 പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ വാടകയും കേരളത്തിലെ പ്രൊഫഷണലുകളുടെ തൊഴിൽവൈദഗ്ധ്യവുമാണ് കമ്പനികളെ ആകർഷിക്കുന്നതെന്ന് നിർമാതാക്കളായ ലുലു ഗ്രൂപ്പ് പറയുന്നു.
വ്യാവസായിക ആവശ്യങ്ങൾക്കൊപ്പം 100 ശതമാനം പവർ ബാക്കപ്പ്, കേന്ദ്രീകൃത എയർ കണ്ടീഷനിംഗ്, മാലിന്യ സംസ്കരണ സംവിധാനം, മഴവെള്ള സംഭരണി തുടങ്ങി വിവിധ അടിസ്ഥാനസൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫുഡ് കോർട്ട്, ജിം, ക്രഷെ, റീട്ടെയിൽ സ്പേസ് തുടങ്ങിയവയും ലഭ്യമാണ്.
ഇരു ടവറുകളുടെയും മധ്യഭാഗത്ത് 2500 പേരെ ഒരേസമയം ഉൾക്കൊള്ളാനാവുന്ന വിശാലമായ ഫുഡ്കോർട്ടാണ് ഒരുക്കിയിരിക്കുന്നത്. 4500 കാറുകൾക്ക് പാർക്കിങ് സൗകര്യവും ഇതിൽ ഉൾപ്പെടുന്നു. അതിൽ 3200 കാറുകൾ റോബോട്ടിക് സംവിധാനത്തിലൂടെ പാർക്ക് ചെയ്യാനാകും. കാര്‍ പാര്‍ക്കിങ് പരിമിതികള്‍ ഒഴിവാക്കാനാണ് നൂതന സംവിധാനത്തിലുള്ള സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. പല നിലകളിൽ കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതു പോലെ വിവിധ റാക്കുകളിലായി കാറുകള്‍ ഇവിടെ പാര്‍ക്ക് ചെയ്യാനാകും. ഗ്രൗണ്ട് ഫ്ലോറിൽ ബാങ്കുകളും പ്രവർത്തിക്കും.
വൻകിട ഐടി കമ്പനികൾ ഇതിനോടകം ഓഫീസ് സ്പേസിനായി മുന്നോട്ടുവന്നിട്ടുണ്ട്. രണ്ട് പ്രമുഖ കമ്പനികളുടെ ഇൻ്റീരിയർ ജോലികൾ ഇതിനകം ആരംഭിച്ച സാഹചര്യത്തിൽ,.വൈകാതെ തന്നെ വൻകിട കമ്പനികൾ ലുലു ഐടി ടവറിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് സൂചന.