പിരിച്ചുവിടല്‍ തുടർന്ന് മൈക്രോസോഫ്റ്റ്. കഴിഞ്ഞ മാസം 6000 ജീവനക്കാരെയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത്. ഈ വലിയ പിരിച്ചുവിടലിന് പിന്നാലെ, വീണ്ടും 300-ലധികം ജീവനക്കാരെ കൂടി മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടു. വാഷിങ്ടണ്‍ സ്റ്റേറ്റ്സ് നോട്ടീസ് പ്രകാരമാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് അമേരിക്കന്‍ ബിസിനസ് മാഗസിന് ആയ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. കമ്പനിയുടെ വിജയത്തിനായാണ് പിരിച്ചുവിടുന്നതെന്നും കമ്പനിയുടെ ഉയര്‍ച്ചയ്ക്കായാണ് ഈ മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
2024 ജൂൺ വരെ ആഗോളതലത്തിൽ മൈക്രോസോഫ്റ്റിന് 2.28 ലക്ഷം ജീവനക്കാർ ഉണ്ടായിരുന്നതായി കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ 55 ശതമാനത്തോളം യുഎസിലാണ് ജോലി ചെയ്യുന്നത്.
പ്രധാനമായും സോഫ്റ്റ്വെയർ എഞ്ചിനിയർമാരുടെ ജോലി നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ടെക് കമ്പനികൾ വലിയ തോതിൽ എഐ ഉപാധികൾക്കായി നിക്ഷേപം നടത്തുന്നതിനൊപ്പം, ചില മേഖലകളിൽ ജീവനക്കാരെ പിരിച്ചുവിടുന്ന നിലപാട് തുടരുന്നു.
“നമുക്ക് മുന്നിലുള്ള വ്യത്യസ്ത വിപണി ചലനങ്ങളോട് പ്രതികരിക്കാനും, കമ്പനിയെ കൂടുതല്‍ കാര്യക്ഷ്മമാക്കാനും സംഘടനാ നിലപാട് മാറ്റങ്ങള്‍ അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞു, ഈ മാറ്റങ്ങൾ കമ്പനിയുടെ ദീർഘകാല വിജയത്തിനായാണ് നടപ്പാക്കുന്നതെന്നും” മൈക്രോസോഫ്റ്റ് വക്താവ് പറഞ്ഞു.
ഇതുവരെയുള്ള പ്രവണതകളെ അവലോകനം ചെയ്യുമ്പോള്‍, മൈക്രോസോഫ്റ്റ് പോലെയുള്ള പ്രമുഖ ടെക് കമ്പനികള്‍ എഐ അടിസ്ഥാനത്തിലുള്ള സാങ്കേതിക വിദ്യകളില്‍ വലിയ നിക്ഷേപം നടത്തുകയാണ്. ഈ മാറ്റങ്ങള്‍ കമ്പനിയ്ക്ക് ചെലവ് കുറയ്ക്കാനും വികസന പ്രക്രിയ വേഗത്തിലാക്കാനും സഹായകരമാകുന്നു.
മറ്റൊരു വശത്ത്, ഈ മാറ്റങ്ങൾ ആഗോളതലത്തിൽ തൊഴിൽ വിപണിയിൽ വലിയ അസ്ഥിരത സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. മെറ്റാ, ആമസോൺ, ഗൂഗിൾ തുടങ്ങിയ മറ്റു ടെക് ഭീമന്മാരും സമാനമായ രീതിയിൽ ജീവനക്കാരെ പിരിച്ചുവിടുന്ന പ്രവണത തുടരുകയാണ്.
കഴിഞ്ഞ വർഷങ്ങളായി മൈക്രോസോഫ്റ്റ് ഓപ്പൺ എഐ-യുമായി ഭാഗിക പങ്കാളിത്തത്തിലൂടെ എഐ മേഖലയിലേക്ക് വൻതോതിൽ നീങ്ങുകയാണ്. ഈ പങ്കാളിത്തം കമ്പനിയ്ക്ക് ChatGPT പോലെയുള്ള ഉൽപ്പന്നങ്ങൾ അതിന്റെ പ്ലാറ്റ്ഫോമുകളിൽ സംയോജിപ്പിക്കാൻ അനുകൂലമായി. ഇതിലൂടെ ജീവനക്കാരുടെ ജോലികൾ ആവശ്യമില്ലാതാകുന്ന സാഹചര്യം സൃഷ്ടിച്ചുയെന്നത് ജോലി നഷ്ടങ്ങളുടെ മറ്റൊരു കാരണമായി വ്യക്തമാക്കപ്പെടുന്നു.