ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ഇന്ത്യൻ കയറ്റുമതിക്കാർക്കിടയിൽ ആശങ്ക. വർധിച്ചുവരുന്ന ആഗോള അനിശ്ചിതത്വങ്ങളും യുഎസ് താരിഫ് പ്രശ്നങ്ങളും ചരക്ക് നിരക്ക് വർധനവിനും വ്യാപാര റൂട്ട് തടസ്സങ്ങൾക്കും വഴിയൊരുക്കുമെന്ന ആശങ്കയിലാണ് ഇന്ത്യൻ കയറ്റുമതിക്കാർ.
ഇസ്രായേൽ പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യുന്നതിനാൽ നയതന്ത്ര സന്തുലിതാവസ്ഥ ഒരു വെല്ലുവിളിയാണ്. ഇറാൻ ചബഹാർ തുറമുഖം വഴി കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുകയും ചെയ്തതോടെ, ഇരു രാജ്യങ്ങളും സൗഹൃദപരമായ സാമ്പത്തിക സഖ്യകക്ഷികളായതിനാൽ ഇന്ത്യ പ്രതിസന്ധിയിലാണ്. ചബഹാർ തുറമുഖം മധ്യേഷ്യയുമായി കണക്റ്റിവിറ്റി ഉറപ്പാക്കുന്ന പ്രധാന കേന്ദ്രമാണ്. അതിനാൽ, ഈ സാഹചര്യം ഇന്ത്യൻ നയതന്ത്രത്തിനും വ്യാപാരത്തിനും ഇരട്ട വെല്ലുവിളിയാണ് ഉയർത്തുന്നത്.
വ്യാപാര റൂട്ടുകൾ തടസ്സപ്പെടുന്നതും ചരക്ക് നിരക്കുകൾ ഉയരുന്നതുമാണ് പ്രധാന ആശങ്കയെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷന്റെ ഡയറക്ടർ ജനറൽ അജയ് സഹായ് പറഞ്ഞു. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള കയറ്റുമതി ചെങ്കടലിലൂടെയും സൂയസ് കനാലിലൂടെയുമാണ് നടക്കുന്നത്. ഇവയിലുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങൾ കടൽമാർഗങ്ങൾക്കൊപ്പം വ്യോമയാന മാർഗങ്ങളെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഇതിനകം തന്നെ പാകിസ്ഥാനും ഇറാനും അവരുടെ വ്യോമപാതകൾ അടച്ചിട്ടുണ്ട്.
ഇതിനിടെ, ഓയിൽ വില ക്രമാതീതമായി ഉയരുകയാണ്. അതിനൊപ്പം കയറ്റുമതി ചെലവും ഉയരുകയാണെങ്കിൽ, ആഗോള വ്യാപാരത്തിന്റെ താളംതെറ്റിയേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചബഹാർ തുറമുഖ പദ്ധതിയിൽ നിന്ന് ഇന്ത്യ പിന്മാറാത്തതും ഇറാനുമായി കണക്റ്റിവിറ്റി ഉറപ്പാക്കാനുള്ള താത്പര്യവും അതിന്റെ ഭാവി നയതന്ത്ര തന്ത്രങ്ങൾക്ക് നിർണായകമാകും.