ഇന്ത്യയുടെ കാപ്പി കയറ്റുമതിയിൽ 125 ശതമാനം വളർച്ച. കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ കാപ്പി കയറ്റുമതി 125% വർധിച്ച് 1.8 ബില്യൺ ഡോളറിലെത്തി. 2014-15 ൽ 800 മില്യൺ ഡോളറായിരുന്ന കയറ്റുമതി 2023-24 ൽ 1.28 ബില്യണിലെത്തി. കോഫി ബോർഡ് ഓഫ് ഇന്ത്യ സ്വീകരിച്ച നീക്കങ്ങളാണ് വളർച്ചയ്ക്ക് പിന്നിലെന്ന് കേന്ദ്ര കണക്കുകൾ വ്യക്തമാക്കുന്നു.
കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ സർട്ടിഫിക്കേഷൻ, എക്സ്പോർട്ട് പെർമിറ്റ്, സർട്ടിഫിക്കേറ്റ് ഓഫ് ഒറിജിൻ തുടങ്ങിയവ ഓൺലൈനായി നൽകുക, കയറ്റുമതിക്കാരുമായുള്ള ആശയവിനിമയം, വിപണി വിവരങ്ങളും ഇന്റലിജൻസും പങ്കുവെക്കൽ എന്നിവ ബോർഡ് സ്വീകരിച്ച പ്രധാന നടപടികളാണ്.
ഇന്ത്യയുടെ പ്രധാന കയറ്റുമതിയുടെ ലക്ഷ്യസ്ഥാനമായി യൂറോപ്പ് തുടരുന്നു. ഇന്ത്യയിൽ നിന്ന് കാപ്പി ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിൽ ഇറ്റലി, ജർമ്മനി, ബെൽജിയം, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ, കൊറിയ, ജപ്പാൻ എന്നിവ ഉൾപ്പെടുന്നു.
മൂല്യവർധിത കാപ്പിക്കായി കിലോഗ്രാമിന് 3 രൂപയും ഉയർന്ന മൂല്യമുള്ള വിപണികളിലേക്ക് പച്ച കാപ്പിക്ക് 2 രൂപയും കേന്ദ്രം സഹായം നൽകുന്നു. കൂടാതെ, റോസ്റ്റിംഗ്, ഗ്രൈൻഡിംഗ്, പാക്കേജിംഗ് മുതലായവയുടെ യന്ത്രങ്ങൾക്ക് 40% സബ്സിഡിയും ലഭിക്കുന്നു.
കോഫി ബോർഡ് സിഇഒ എം കുർമ റാവുവിന്റെ വിശദീകരണപ്രകാരം, ഇന്ത്യയിലെ കാപ്പി കൃഷി തദ്ദേശീയവും മിശ്രിതവുമായ തണൽ മരങ്ങളുടെ കീഴിലാണ് ചെയ്യുന്നത്. ഈ തണൽ സംവിധാനം ജൈവവൈവിധ്യം സംരക്ഷിക്കുകയും, മണ്ണും ജലവും നിലനിർത്തുകയും, കാർബൺ വേർതിരിക്കൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം വിള വൈവിധ്യവൽക്കരണത്തിന് അവസരങ്ങൾ ഒരുക്കി ചെറുകിട കർഷകരുടെ ഉപജീവനവും ഈ സംവിധാനം ഉറപ്പാക്കുന്നു. 3.6 ലക്ഷം ടൺ കാപ്പിയാണ് ഇന്ത്യ ഉത്പാദിപ്പിക്കുന്നത്. ഉത്പാദനത്തിൽ ഇന്ത്യ ലോകത്തിലെ ഏഴാമത്തെ രാജ്യവും കയറ്റുമതിയിൽ അഞ്ചാമത്തെ രാജ്യവുമാണ്.