ആലുവയില്‍ വമ്പന്‍ ലോജിസ്റ്റിക്സ് നിക്ഷേപത്തിനൊരുങ്ങി ഇന്ത്യയിലെ പ്രമുഖ ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ എന്‍.ഡി.ആര് വെയര്‍ഹൗസിംഗ്. 250 കോടി രൂപയുടെ നിക്ഷേപം നടത്തി സംസ്ഥാനത്തെ ഏറ്റവും വലിയ വെയര്‍ഹൗസ് സമുച്ചയം ഒരുക്കാനാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ ഏകദേശം 4 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള വെയര്‍ഹൗസാണ് നിർമിക്കപ്പെടുന്നത്.
ഇന്‍വെസ്റ്റ് കേരളയില്‍ പങ്കെടുത്ത് കേരളത്തില്‍ നിക്ഷേപം നടത്താന്‍ കമ്പനി താല്പര്യം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് കമ്പനി നിക്ഷേപവുമായി എത്തുന്നത്. പദ്ധതിക്ക് വേണ്ടി ആലുവയില്‍ 16 ഏക്കര്‍ സ്ഥലം കമ്പനി ഏറ്റെടുത്തു. എന്‍.ഡി.ആര് സ്റ്റോര്‍വെല്‍ വെയര്‍ഹൗസിംഗ് എല്‍.എല്‍.പി (എട്ട് ഏക്കര്‍), എന്‍.ഡി.ആര് സ്പേസ് പ്രൈവറ്റ് ലിമിറ്റഡ് (8.39 ഏക്കര്‍) എന്നീ ഉപകമ്പനികള്‍ വഴിയാണ് സ്ഥലം ഏറ്റെടുത്തത്. വ്യവസായമന്ത്രി പി. രാജീവ് ആലുവയിലെ സ്ഥലം സന്ദര്‍ശിച്ച് കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി.
നിരവധി തൊഴിൽ സാധ്യതകളാണ് നിർമ്മാണഘട്ടത്തിലും പ്രവർത്തനഘട്ടത്തിലുമായി സൃഷ്ടിക്കപ്പെടുന്നത്.
മഹാരാഷ്ട്ര, കര്‍ണാടക, ബംഗാള്‍, ഗോവ തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും കമ്പനിക്ക് വെയര്‍ഹൗസുകളുണ്ട്. ഈ സാമ്പത്തികവര്‍ഷം കമ്പനി 250 കോടി രൂപ നിക്ഷേപിക്കും. സെമിഫുള് ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഒരുക്കും. ചരക്കിന്റെയും ശേഖരണത്തിന്റെയും വിനിയോഗത്തിനായി നൂതനമായ സംവിധാനങ്ങള്‍ ഒരുക്കും.
വിഴിഞ്ഞം തുറമുഖത്തിന്റെ വികസനം, കേരളത്തിന്റെ തന്ത്രപരമായ ഭൂപ്രാധാന്യം, കൂടാതെ വ്യാപാര സൗകര്യങ്ങളിൽ സർക്കാർ നടത്തുന്ന സംരംഭങ്ങൾ എന്നിവയൊക്കെ സംസ്ഥാനത്തെ വെയര്‍ഹൗസിംഗ് മേഖലയിലെ വലിയ കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുമെന്ന് എന്‍.ഡി.ആര് വെയര്‍ഹൗസിംഗ് സി.ഇ.ഒ രാജ് ശ്രീനിവാസന് പറഞ്ഞു.
“ഉയർന്ന നിലവാരത്തിലുള്ള നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് ആകര്‍ഷിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശക്തമായ ശ്രമങ്ങളുടെ പ്രതിഫലനമാണ് എന്‍.ഡി.ആര് ഗ്രൂപ്പിന്റെ ഈ പദ്ധതി. ലോജിസ്റ്റിക്സ് മേഖലയിലൂടെയുള്ള വ്യവസായ വളർച്ചയ്ക്ക് തുടക്കം കുറിക്കുന്നതായും തൊഴില്‍ സാധ്യതകളും പ്രാദേശിക വികസനവും ഈ പദ്ധതിയിലൂടെ പ്രതീക്ഷിക്കാമെന്നും,” വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.
ഈ പദ്ധതി കേരളത്തിലെ ലോജിസ്റ്റിക്സ് രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും മറ്റ് നിക്ഷേപകരെ ആകര്‍ഷിക്കാൻ ഇതൊരു മാതൃകയായിത്തീരുമെന്നുമാണ് വ്യവസായ നിരീക്ഷകരുടെ വിലയിരുത്തൽ.