ജിഎസ്ടി രജിസ്ട്രേഷൻ പ്രക്രിയ കൂടുതൽ ലളിതവും സുതാര്യവുമാക്കാൻ നിർദേശിച്ച് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. അതോടൊപ്പം നികുതിദായകരുടെ പരാതികൾക്ക് ഫലപ്രദമായ പരിഹാരങ്ങൾ ലഭ്യമാകുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിനോട് (CBIC) കേന്ദ്ര ധനമന്ത്രി നിർദ്ദേശിച്ചു. സിബിഐസി അധികൃതരുമായി നടത്തിയ കോൺക്ലേവിലാണ് ധനമന്ത്രി നിർദേശം മുന്നോട്ടുവെച്ചത്.
രജിസ്ട്രേഷൻ, റീഫണ്ടുകൾ, പരാതികൾ കൈകാര്യം ചെയ്യൽ എന്നീ മേഖലകളിൽ കാര്യക്ഷമത വർധിപ്പിക്കാനുള്ള മാർഗരേഖകളുടെ അടിസ്ഥാനത്തിൽ കർമ്മപദ്ധതികൾ തയ്യാറാക്കാൻ ധനമന്ത്രി നിർദ്ദേശം നൽകി. നികുതി വെട്ടിപ്പുകൾക്കും തെറ്റായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) അവകാശവാദങ്ങൾക്കും തടയിടുന്നതിന് സാങ്കേതിക വിദ്യയെ ആധാരമാക്കിയും അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള പരിശോധന മാനദണ്ഡങ്ങൾ ഉപയോഗിച്ചുമുള്ള രീതി വികസിപ്പിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
ജിഎസ്ടി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിർബന്ധിത രേഖകളെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുന്നതിനായി വ്യാപാര സംഘടനകൾക്കും വ്യവസായ വിഭാഗങ്ങൾക്കും വേണ്ടി അവബോധ പ്രചാരണങ്ങൾ ആരംഭിക്കാൻ സിജിഎസ്ടി രൂപീകരണങ്ങൾ (CGST Formations) നിർദേശിച്ചിട്ടുണ്ട്. ഇത്തരം നടപടി ക്രമങ്ങൾ നികുതിദായകർക്ക് രജിസ്ട്രേഷൻ പ്രക്രിയയിലേക്കുള്ള പ്രവേശനം സുഗമമാക്കുമെന്നും മറ്റനാവശ്യ ബുദ്ധിമുട്ടുകൾ ഒഴിവാക്കുമെന്നും പ്രതീക്ഷിക്കുന്നു.
ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, ഇതുവരെ 1.52 കോടിയോളം ജിഎസ്ടി പേയർമാർ രാജ്യത്ത് നിലവിലുണ്ടെങ്കിലും, പ്രത്യേകിച്ച് അസംഘടിത മേഖലയിലെ നിരവധി ചെറുകിട ഇടപാടുകാർ ഇതുവരെ ജിഎസ്ടി ചട്ടത്തിലുള്ള രജിസ്ട്രേഷനിലേക്ക് കടന്നിട്ടില്ലെന്ന തോന്നൽ ശക്തമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതുതായി രേഖകൾ ലളിതമാക്കി നടപടികൾ കർശനമാക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നത്.
പ്രിൻസിപ്പൽ ചീഫ് കമ്മീഷണർമാർ, ചീഫ് കമ്മീഷണർമാർ, വിവിധ ഫീൽഡ് ഫോർമേഷനുകളുടെ ഡയറക്ടർ ജനറൽമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ നിർണായക യോഗം നടന്നത്. നികുതിദായകരുമായി ബന്ധപ്പെട്ട സേവന നിലവാരം മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാർ ജാഗ്രതയോടെയാണ് നീങ്ങുന്നത്. ജിഎസ്ടിയുടെ പ്രതിദിന പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാകാനും സംരംഭകർക്ക് സൗകര്യപ്രദമായ ഇടപെടലുകൾ ഉറപ്പാക്കാനുമുള്ള ഈ സംരംഭം വലിയ മാറ്റങ്ങൾ ഒരുക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം പ്രതീക്ഷിക്കുന്നു.