സംശയിക്കണ്ട, സാധാരണ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ഇനിമുതൽ യുപിഐ പേയ്മെന്റുകൾ നടത്താം. അതിനായി രാജ്യത്തെ മുന്‍നിര ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേ പുതിയൊരു ചുവടുവെപ്പിന് ഒരുങ്ങുകയാണ്. ഫീച്ചർ ഫോൺ ഉപയോക്താക്കളിലേക്ക് ഡിജിറ്റൽ പേയ്മെന്റ് സൗകര്യം എത്തിക്കുന്നതിനായി പുതിയ യുപിഐ ആപ്പ് പുറത്തിറക്കും.അതിനായി, ഗുപ്ഷപ്പിന്റെ യുപിഐ അധിഷ്ഠിത ‘ജിഎസ്പേ’ സാങ്കേതികവിദ്യയുടെ ഐപി വാങ്ങിയതായി കമ്പനി പ്രഖ്യാപിച്ചു.
ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന NPCI-യുടെ UPI 123PAY പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ആപ്പ് രൂപകല്പന ചെയ്യുന്നത്. ഈ ആപ്പ് വഴി ഉപയോക്താക്കൾക്ക് പേഴ്സൺ-ടു-പേഴ്സൺ (P2P) ട്രാൻസ്ഫർ, ഓഫ്ലൈൻ ക്യുആർ പേയ്മെന്റ്, മൊബൈൽ നമ്പറിൽ നിന്നോ സെൽഫ് ക്യുആറിൽ നിന്നോ പേയ്മെന്റ് സ്വീകരിക്കൽ തുടങ്ങി അടിസ്ഥാന യുപിഐ സൗകര്യങ്ങള്‍ ഉപയോഗിക്കാൻ കഴിയും.
രാജ്യത്തെ ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കും സ്മാർട്ട്ഫോൺ ഉപയോക്താക്കളെപ്പോലെ യുപിഐ ഉപയോഗിക്കാനും രണ്ടും തമ്മിൽ ഒരു വിടവും ഉണ്ടാകരുതെന്നുമാണ് കമ്പനിയുടെ നയം.
ജിഎസ്പേ ടെക്നോളജി സ്റ്റാക്ക് സ്വന്തമാക്കുന്നതിനും ഫീച്ചർ ഫോൺ ഉപയോക്തൃ അടിത്തറയിലേക്ക് യുപിഐ പേയ്മെന്റുകൾ എത്തിക്കുന്നതിനും ആവേശഭരിതമാണെന്ന് ഫോൺപേയുടെ സഹസ്ഥാപകനും സിഇഒയുമായ സമീർ നിഗം പറഞ്ഞു. ഇന്ത്യയിലെ വളർന്നുവരുന്ന ഡിജിറ്റൽ പേയ്മെന്റ് വിപണിയിൽ പങ്കാളികളാകാൻ ദശലക്ഷക്കണക്കിന് ഫീച്ചർ ഫോൺ ഉപഭോക്താക്കളെ പ്രാപ്തരാക്കാൻ ഇതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദേഹം കൂട്ടിച്ചേർത്തു.
പൂർണ്ണമായും യുപിഐ ഇന്റർഓപ്പറബിലിറ്റി കൊണ്ടുവരാൻ ലക്ഷ്യമിടുന്നതായി ഫോണ്‍പേ പറയുന്നു. ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിന് പുറത്തുള്ള രാജ്യത്തെ കോടിക്കണക്കിന് ആളുകളെ ഓണ്‍ലൈന്‍ സാമ്പത്തിക സൗകര്യങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ നീക്കം സഹായിക്കും.
വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള 1,200 കോടി ഡോളര്‍ (1.02 ലക്ഷം കോടി രൂപ) മൂല്യമുള്ള ഫോണ്‍പേ ഇന്ത്യയില്‍ ബിസിനസ് വിപുലീകരണത്തിന്റെ പാതയിലാണ്. ബെംഗളൂരു ആസ്ഥാനമായാണ് ഇന്ത്യയിലെ പ്രവര്‍ത്തനം.
2023 സാമ്പത്തിക വര്‍ഷത്തില്‍ 738 കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിച്ച കമ്പനി കഴിഞ്ഞ വര്‍ഷം 197 കോടി രൂപ ലാഭം കണ്ടെത്തി. ഇന്ത്യന്‍ യുപിഐ വിപണിയില്‍ 48 ശതമാനം സാന്നിധ്യമാണ് ഫോണ്‍പേയ്ക്ക് ഉള്ളത്.