ഡയറി ക്വ്യൂന്‍ ഇന്ത്യൻ വിപണിയിലേക്കെത്തുന്നു. പ്രമുഖ നിക്ഷേപകനും ബെർക്ക് ഷെയർ ഹാത്തവേയുടെ മുന്‍ സി.ഇ.ഒയുമായ വാറൻ ബഫറ്റിന്റെ കീഴിലുള്ള ആഗോള ഐസ്ക്രീം ശൃംഖലയാണ് ഡയറി ക്വ്യൂന്‍ (DQ). ഡി ക്യൂ എന്നറിയപ്പെടുന്ന ഡയറി ക്വ്യൂനിന്റെ എൻട്രിക്ക് പിന്നിൽ കെ.എഫ്.സി, പിസ ഹട്ട് തുടങ്ങിയ പാശ്ചാത്യ ഫുഡ് ബ്രാൻഡുകളെ ഇന്ത്യയിലെത്തിച്ച ദേവയാനി ഇന്റർനാഷണലാണെന്നാണ് റിപ്പോർട്ടുകൾ. .
1940ൽ ആരംഭിച്ച ഡയറി ക്വ്യൂനെ 1997ൽ 585 മില്യൺ ഡോളറിന്റെ ഡീലിലൂടെ ബഫറ്റിന്റെ ബെർക്ക് ഷെയർ ഹാത്തവേ ഏറ്റെടുത്തു. പിന്നീട് ഇത് വാറൻ ബഫറ്റിന്റെ ഇഷ്ട ബ്രാൻഡായി വളർന്നു. ഒമാഹയിലെ ഡീക്യൂ ഔട്ട്ലെറ്റിലാണ് ബഫറ്റ് ഏറെ കൂടിക്കാഴ്ചകൾ നടത്താറുള്ളത്. ഇന്ന് ഡീക്യൂ 20 രാജ്യങ്ങളിലായി 7,700ഓളം ഔട്ട്ലെറ്റുകളുമായി ആഗോള തലത്തിൽ ശ്രദ്ധേയമായ ഒരു ഭക്ഷണ ശൃംഖലയാണ്.
കസ്റ്റമൈസേഷനിൽ പ്രതിദിനം നവീകരണങ്ങളുമായാണ് ഡീക്യൂ ഐസ്ക്രീം പ്രേമികളെ ആകർഷിക്കുന്നത്. സോഫ്റ്റ് സെർവുകൾ, ബ്ലിസാർഡ്, ബർഗർ, ജ്യൂസുകൾ, സാൻഡ്വിച്ചുകൾ തുടങ്ങി എല്ലാവിധ ഭക്ഷണപ്രിയരെയും തൃപ്തിപ്പെടുത്തുന്ന മെനുവാണ് ഡീക്യൂവിലുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 6.4 ബില്യൺ ഡോളറിന്റെ ആഗോള വരുമാനമാണ് കമ്പനിക്ക് ഉണ്ടായത്. 2030വരെ അതിനെ 10 ബില്യൺ ഡോളറിലേക്ക് ഉയര്‍ത്താനാണ് പദ്ധതി.
ഇന്ത്യയിലെ 1.6 ലക്ഷം കോടി രൂപയുള്ള ഫാസ്റ്റ് ഫുഡ് വിപണിയെ ലക്ഷ്യമിട്ട് വരുന്ന ഡീക്യൂ, നഗരവത്കരണവും യുവജനങ്ങൾക്കിടയിലെ ഭക്ഷണശൈലിയിലെ മാറ്റവും പ്രയോജനപ്പെടുത്തുകയാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 45,000 കോടി രൂപവരെ ഈ വിപണി ഉയരും എന്നാണ് പ്രവചനം. ആ വിപ്ലവത്തിനുള്ള കുതിപ്പിലേക്കാണ് ഡീക്യൂ ഇപ്പോൾ ഇന്ത്യയിലെത്തുന്നത്.