പ്രതീക്ഷകളോടെ ആക്സിയം-4 ദൗത്യം ഉടൻ. ഇന്ത്യന്‍ ബഹിരാകാശയാത്രികൻ ശുഭാംശു ശുക്ലയും മൂന്നംഗങ്ങളുമടങ്ങുന്ന ദൗത്യം ജൂൺ 19ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നടക്കും. ഐഎസ്ആർഒ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ആദ്യം ജൂൺ 11 ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം ഫാൽക്കൺ-9 റോക്കറ്റിലുണ്ടായ ഇന്ധനചോർച്ചയും, പിന്നീട് ഐഎസ്എസ്സിലെ റഷ്യൻ സെഗ്മെന്റിൽ കണ്ടെത്തിയ ചോർച്ചയും മൂലം മാറ്റിവെയ്ക്കുകയായിരുന്നു. .
ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ബഹിരാകാശ സഹകരണ ശ്രമങ്ങൾക്ക് ഈ ദൗത്യം ഒരു വഴികാട്ടിയാണ്. ഫാൽക്കൺ 9-ൽ നിന്നുള്ള ദ്രാവക ഓക്സിജൻ ചോർച്ചയെ തരണം ചെയ്തതായി ഐഎസ്ആർഒ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) റഷ്യൻ സ്വെസ്ഡ സർവീസ് മൊഡ്യൂളിലെ മർദ്ദത്തിലെ അപാകത വിലയിരുത്തുന്നതിന് നാസയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ആക്സിയം സ്പേസ് അറിയിച്ചു, ഇത് വിക്ഷേപണം മാറ്റിവയ്ക്കുന്നതിന് കാരണമായതായും റിപ്പോർട്ടുകളുണ്ട്.
ആക്സിയം സ്പേസ്, നാസയും സ്പേസ് എക്സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആക്സിയം 4 ദൗത്യത്തില്‍ പെഗ്ഗി വിറ്റ്സനാണ് മിഷൻ കമാൻഡർ (യുഎസ്എ). സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് മറ്റ് രണ്ടുപേർ. ഈ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്.
ഇതിനുപുറമേ,കേരളത്തിനും അഭിമാനകാരമായ ഒരു നേട്ടത്തിന് കൂടിയാണ് ആക്സിയം-4 ദൗത്യം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്. കേരള കാർഷിക സർവകലാശാല വികസിപ്പിച്ച 6 തദ്ദേശീയ വിത്തിനങ്ങളും ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തിൽ പരീക്ഷിക്കും. ജ്യോതി, ഉമ, കനകമണി, തിലകരത്ന, സൂര്യ, വെള്ളായണി വിജയ് എന്നീ നെല്ല്, മുളക്, എള്ള്, വഴുതന, തക്കാളി ഇനങ്ങളാണ് 14 ദിവസത്തെ ദൗത്യത്തിനായി തയ്യാറെടുക്കുന്നത്. ബഹിരാകാശ അന്തരീക്ഷത്തിൽ ഇവയുടെ വളർച്ചയെ കുറിച്ചുള്ള നിരീക്ഷണങ്ങൾ ഇവിടുത്തെ കൃഷിക്കാർക്ക് പുതിയ സാധ്യതകൾ തുറന്നിടും.