ഔദ്യോഗികമായി രോഗനിർണ്ണയ പരിശോധന രംഗത്തേക്ക് കടന്നിരിക്കുകയാണ് ആമസോൺ. കഴിഞ്ഞ ദിവസം പുതിയ സേവനം ആരംഭിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. ഡയഗ്നോസ്റ്റിക്സ് ഉപഭോക്താക്കൾക്ക് ലാബ് ടെസ്റ്റുകൾക്കായി ആമസോൺ ആപ്പിലൂടെ ബുക്ക് ചെയ്യാനും, അപ്പോയിന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യാനും, ഡിജിറ്റൽ റിപ്പോർട്ടുകൾ ലഭ്യമാക്കാനും ഇനി സാധിക്കും.
ഓറഞ്ച് ഹെൽത്ത് ലാബ്സുമായി ചേർന്ന് തുടങ്ങുന്ന ഈ സേവനം ബെംഗളൂരു, ഡൽഹി, മുംബൈ, ഹൈദരാബാദ്, നോയിഡ, ഗുഡ്ഗാവ് അടക്കം 450-ലധികം പിൻ കോഡുകളിൽ ലഭ്യമാകും. സേവനത്തിന്റെ ഭാഗമായി 800-ലധികം ഡയഗ്നോസ്റ്റിക് പരിശോധനകളും 60 മിനിറ്റിനുള്ളിൽ താമസസ്ഥലത്തെത്തി സാമ്പിൾ ശേഖരണവും വാഗ്ദാനം ചെയ്യുന്നു. ആമസോൺ ഫാർമസി, ക്ലിനിക്ക് എന്നിവ ഉൾപ്പെടുത്തി ആരംഭിച്ച ആമസോൺ മെഡിക്കലിന്റെ ഭാഗമായാണ് പുതിയ നീക്കം. ഈ സേവനങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതവും സുതാര്യവുമായ ആരോഗ്യ പരിചരണ അനുഭവം നൽകുമെന്ന് കമ്പനി വ്യക്തമാക്കുന്നു.
മെഡിക്കൽ സേവനങ്ങളിലേക്ക് കൂടുതല്‍ വിപുലീകരണമെന്ന പുതിയ നീക്കത്തിലാണ് കമ്പനി. ഫാർമസിയും ക്ലിനിക്കുമുള്പ്പെടുന്ന നിലവിലുള്ള സേവനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ബലപ്പെടുത്തല്‍. ഉപഭോക്താക്കള്‍ക്ക് കുറിപ്പടി മരുന്നുകളും ആരോഗ്യസാധനങ്ങളും ആമസോൺ ഫാർമസിയിലൂടെ ലഭ്യമാണ്. പ്രൈം അംഗങ്ങൾക്ക് സൗജന്യ ടെലിമെഡിസിൻ സേവനവും ഡെലിവറി ആനുകൂല്യവും ലഭിക്കും. ലൈസൻസുള്ള ഡോക്ടർമാരുമായി ഉപഭോക്താക്കൾക്ക് ഡിജിറ്റൽ വഴിയുള്ള കൺസൾട്ടേഷൻ സൗകര്യവും ആമസോൺ ക്ലിനിക് നൽകുന്നു.