രാജ്യത്തിന്റെ അഭിമാനമാകാന്‍ ശുഭാംശു ശുക്ല. രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ഐഎസ്എസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരനുമാകാൻ ഒരുങ്ങുകയാണ് 39-കാരനായ ശുഭാംശു ശുക്ല. ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ട് ആക്സിയം സ്പേസിന്റെ ദൗത്യം ആക്സിയം 4 ഇന്ത്യൻ സമയം നാളെ വൈകിട്ട് 5.52 ന് വിക്ഷേപിക്കും.
ജൂണ്‍ 10ന് സ്പേസ് എക്സിന്റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ആക്സിയം 4 ദൗത്യം വിക്ഷേപിക്കുക. വിക്ഷേപണത്തിനായി ഡ്രാഗണ്‍ ക്യാപ്സ്യൂളും ഫാല്‍ക്കണ്‍ 9 റോക്കറ്റും 39എ ലോഞ്ച്പാഡില്‍ ഇതിനകം എത്തിച്ചിട്ടുണ്ട്.
ജൂൺ 11ന് രാത്രി പത്തിന് ബഹിരാകാശ നിലയവുമായി പേടകം ബന്ധിക്കപ്പെടും. ഐഎസ്ആര്‍ഒയെ സംബന്ധിച്ച് ഈ ദൗത്യം നിര്‍ണായകമാണ്. 2035-ഓടെ സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കാനും 2047-ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശ യാത്രികരെ അയയ്ക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതിനായി, മൈക്രോഗ്രാവിറ്റി ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാൻ ബഹിരാകാശ നിലയത്തിൽ ശുഭാംശു ഏഴ് ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും.
14 ദിവസം സംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ താമസിച്ച് പരീക്ഷണങ്ങളിൽ നടത്തും. പ്രമേഹരോഗികൾക്ക് ബഹിരാകാശം സന്ദർശിക്കാൻ അവസരമൊരുക്കുന്നതിനുള്ള ഗവേഷണങ്ങളും ഇതിൽ ഉൾപ്പെടും. പ്രമേഹം ബഹിരാകാശത്തു നിയന്ത്രിക്കാൻ ബുദ്ധിമുട്ടായതിനാൽ നിലവിൽ പ്രമേഹബാധിതർക്ക് ബഹിരാകാശയാത്രയ്ക്കു വിലക്കുണ്ട്.
ആക്സിയം സ്പേസ്, നാസയും സ്പേസ് എക്സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആക്സിയം 4 ദൗത്യത്തില്‍
പെഗ്ഗി വിറ്റ്സനാണ് മിഷൻ കമാൻഡർ (യുഎസ്എ). സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് മറ്റ് രണ്ടുപേർ. ഈ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്.