കേരളത്തിലെ അവയവദാന രംഗത്ത് വിപ്ലവം തീര്‍ക്കാന്‍ ലക്ഷ്യമിട്ട് കോഴിക്കോട് ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് പദ്ധതിക്ക് മന്ത്രിസഭാ യോഗം പുതുക്കിയ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിര്‍വ്വഹണ ഏജന്‍സി സമര്‍പ്പിച്ച വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തില്‍ ജി.എസ്.ടി ഉള്‍പ്പടെ 643.88 കോടി രൂപയുടെ ഭരണാനുമതിയ്ക്കാണ് അനുമതി നൽകിയത്.
കോഴിക്കോട്ട് ചേവായൂരില്‍ 20 ഏക്കറില്‍ സ്ഥാപിക്കപ്പെടുന്ന ഈ സ്ഥാപനത്തിന് 6 നിലകളുളള 4 ബ്ലോക്കുകളായിരിക്കും ഉണ്ടാകുക. 219 ജനറല്‍ കിടക്കകള്‍, 42 പ്രത്യേക വാര്‍ഡ് കിടക്കകള്‍, 58 ഐസിയു കിടക്കകള്‍, 83 എച്ച്ഡിയു കിടക്കകള്‍, 16 ഓപ്പറേഷന് റൂമുകള്‍, ഡയാലിസിസ് സെന്റര്‍, ട്രാന്സ്പ്ലാന്റേഷന് ഗവേഷണ കേന്ദ്രം എന്നിവയുള്‍പ്പെടെ 510 കിടക്കകളുള്ള അത്യാധുനിക ആശുപത്രി സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 330 കിടക്കകളും 10 ഓപ്പറേഷന് തീയറ്ററുകളും അടുത്ത ഘട്ടത്തില്‍ 180 കിടക്കകളും 6 ഓപ്പറേഷന് തീയറ്ററുകളും സജ്ജമാക്കും. ആദ്യ ഘട്ടത്തില്‍ 14 സ്പെഷ്യാലിറ്റി വിഭാഗങ്ങളും രണ്ടാം ഘട്ടത്തില്‍ 7 സ്പെഷ്യാലിറ്റി വിഭാഗങ്ങളും ഉണ്ടാകും.
അവയവദാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഒരു കുടക്കീഴില് കൊണ്ടു വരുന്നതിനാണ് ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. അവയവം മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ടുള്ള ചികിത്സ, അധ്യാപനം, പരിശീലനം, ഗവേഷണം, അവയവദാന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഇതിലൂടെ സാധ്യമാകും. അതിനാൽ. ചികിത്സയെയും പഠനത്തെയും ഒരുമിച്ചു കൊണ്ടുപോകുന്നതിനായി അധ്യാപനത്തിന് വലിയ പ്രാധാന്യം നല്കുന്നു. 31 അക്കാദമിക് കോഴ്സുകളാണ് ആരംഭിക്കാനിരിക്കുന്നത്.
അവയവങ്ങള്‍ക്ക് കേടുപാട് വന്നവരുടെ ചികിത്സ മുതല്‍ അവയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും പുനരധിവാസവും വരെയുള്ള സമഗ്ര പരിചരണം സാധ്യമാക്കുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.കോര്‍ണിയ, വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം, മജ്ജ, പാന്‍ക്രിയാസ്, കൈകള്‍, ബോണ്‍ ഉള്‍പ്പെടെ വിവിധ അവയവങ്ങള്‍ മാറ്റിവയ്ക്കല്‍ സാധ്യമാകും.
ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഉപകരണങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.