രാജ്യത്തെ ബ്ലൂ കോളർ തൊഴിലിടങ്ങളിൽ 2023-24 കാലഘട്ടത്തിൽ ഗിഗ് ജോലികൾക്കും ഫ്രീലാൻസ് അവസരങ്ങൾക്കും 92 ശതമാനത്തോളം വർധനവ് രേഖപ്പെടുത്തിയതായി റിക്രൂട്ട്മെന്റ് പ്ലാറ്റ്‌ഫോമായ വർക്ക് ഇന്ത്യയുടെ പുതിയ റിപ്പോർട്ട്. ഇ-കൊമേഴ്‌സ്, ഫുഡ് ഡെലിവറി, റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമുകളുടെ ദ്രുതഗതിയിലുള്ള വികാസമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തൽ.
ഇത്തരം പ്ലാറ്റ്‌ഫോമുകൾ തൊഴിൽവിപണിയിൽ വലിയ മാറ്റമാണ് കൊണ്ടുവന്നിരിക്കുന്നത്. വേതനം ഉറപ്പുള്ളതും ജോലി ലഭ്യത സ്ഥിരതയുള്ളതുമായ ഗിഗ് ജോലികൾ, ബിരുദധാരികൾക്കിടയിൽ പുതിയ കരിയർ ഓപ്ഷനായി മാറുകയാണ്. അതേസമയം, ഡൽഹി, അഹമ്മദാബാദ്, കൊൽക്കത്ത തുടങ്ങിയ നഗരങ്ങൾ ‘ലാസ്റ്റ് മൈൽ ഡെലിവറി’ ജോലികളിൽ മുൻപന്തിയിലേക്ക് എത്തിയിട്ടുണ്ട്. ഈ മേഖലകളിലെ ജോലി പോസ്റ്റിംഗുകൾ 100 ശതമാനത്തിലധികം വർധിച്ചുവെന്നതും ശ്രദ്ധേയമാണ്.
ഇന്ന് ഗിഗ് ജോലികൾ താൽക്കാലിക വഴികളല്ല, മറിച്ച് സ്ഥിരതയുള്ള വരുമാന സ്രോതസ്സായി രൂപപ്പെട്ടിട്ടുണ്ട്. ആകെ അപേക്ഷകളിൽ 63 ശതമാനത്തോളം വർധനവ് ഉണ്ടാകുമ്പോൾ, അതിൽ ഏറ്റവും വലിയ സംഭാവന ബിരുദധാരികളിൽ നിന്നാണ് വന്നത്. ഈ ട്രെൻഡുകൾ, ഇന്ത്യയിലെ തൊഴിൽ ഭൂപടം ഭാവിയിൽ എങ്ങനെ രൂപപ്പെടും എന്നതിനു ശക്തമായ സൂചനകളാണ് നൽകുന്നതെന്ന് വർക്ക് ഇന്ത്യയുടെ സിഇഒ നിലേഷ് ദുൻഗർവാൾ പറഞ്ഞു.