കേരള തീരത്ത് തീപിടിച്ച ചരക്കുകപ്പലിൽ നിന്നും 18 ജീവനക്കാരെ രക്ഷപ്പെടുത്തി.അവരെ മംഗളൂരുവിലെത്തിച്ചതായാണ് വിവരം. ഇവരിൽ ആറുപേര്‍ക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്. മംഗളൂരു എജെ ആശുപത്രിയിലേക്ക് മാറ്റിയ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. മറ്റുള്ളവരെ സമീപത്തെ ഹോട്ടലിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
ലു എൻലി, സു ഫാബിനോ (ചൈന), ഗുവോ ലെനിനോ, തൈൻ താ ഹട്ടായി, കൈസാ ഹോട്ടു (മ്യാൻമാർ) എന്നിവരാണ് ചികിത്സയിൽ കഴിയുന്നവർ. ഗുരുതരാവസ്ഥയിലുള്ളവരുടെ ശരീരഭാഗങ്ങളിൽ 40 ശതമാനത്തിലധികം പൊള്ളലേറ്റു. ഇവർക്കുള്ള ചികിത്സ പുരോഗമിക്കുകയാണ്.
അപകടത്തിൽപ്പെട്ട ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കേരള തീരത്തടിയാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊച്ചി, കോഴിക്കോട് തീരങ്ങളിൽ കണ്ടെയ്നറുകൾ ഒഴുകിയെത്തുമെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കപ്പലിൽ നിന്നുള്ള എണ്ണപ്പാട കേരളതീരത്തിൻ്റെ സമാന്തരദിശയിൽ നീങ്ങാനും സാധ്യതയുണ്ട്.
കപ്പലിൽനിന്നുള്ള കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകിനടക്കുന്നതിനാല്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ക്ക് അപകടത്തില്‍പ്പെട്ട കപ്പലിനടുത്തേക്ക് എത്താന്‍ കഴിയാത്തതാണ് തീ നിയന്ത്രിക്കാൻ തടസ്സമാകുന്നത്. തീ ആളിക്കത്തുന്നതോടൊപ്പം കണ്ടെയ്നറുകള്‍ പൊട്ടിത്തെറിക്കുന്നതും വെല്ലുവിളിയാകുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡും നാവികസേനയും സംയുക്തമായാണ് തീയണക്കലിനും രക്ഷാദൗത്യത്തിനും ശ്രമിക്കുന്നത്.
നാലുപേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കപ്പലിൽ 22 ജീവനക്കാരുണ്ടായിരുന്നതിൽ 18 പേരെ രക്ഷപ്പെടുത്തിയതായും നാലുപേര്‍ക്കായി തിരച്ചിൽ തുടരുന്നതായും അധികൃതർ അറിയിച്ചു. രക്ഷാദൗത്യത്തിന് കോസ്റ്റ് ഗാർഡിന്റെ അഞ്ച് കപ്പലുകളും നാവികസേനയുടെ ഒരു കപ്പലും ചേർന്ന് പരിശ്രമങ്ങൾ തുടരുകയാണ്. അപകടം സംഭവിച്ച വാൻ ഹായ് 503 കപ്പലിന് സമീപം ഐഎൻഎസ് സത്ലജ് സജ്ജമാണ്. ചരക്കു കപ്പലായ ഐഎൻഎസ് സൂറത്തിൽ നിന്നാണ് രക്ഷപ്പെടുത്തിയ ജീവനക്കാരെ മംഗളൂരു തീരത്തേക്ക് എത്തിച്ചത്. തീ ആളികത്തുന്ന നിലയില്‍ കപ്പലിന്റെ രാത്രികാല ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.