വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇത് ചരിത്ര നിമിഷം. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലായ എം.എസ്.സി. ഐറിന (MSC Irina) വിഴിഞ്ഞത്തെത്തി. എംഎസ്‌സി ഐറിൻ്റെ ക്യാപ്റ്റൻ മലയാളിയായ തൃശൂർ സ്വദേശി ക്യാപ്റ്റൻ വില്ലി ആന്റണിയാണ്. സിങ്കപ്പൂരില്‍ നിന്നെത്തിയ കപ്പലിന് വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വിഴിഞ്ഞം സ്വീകരണമൊരുക്കിയത്.
വിഴിഞ്ഞത്ത് ഇതുവരെ എത്തിയതിൽ ഏറ്റവും വലിയ ചരക്കുകപ്പലാണ് ഐറിന. എംഎസ്‌സി ഐറിന എത്തുന്ന ഇന്ത്യയിലെ ആദ്യ തുറമുഖം വിഴിഞ്ഞമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഫിഫ അംഗീകാരമുള്ള നാല് ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലുപ്പമുണ്ട് കപ്പലിന്. 24,346 ടിഇയു വഹിക്കാൻ കഴിയുന്ന കപ്പലിൻ്റെ നീളം 399.9 മീറ്ററും വീതി 61.3 മീറ്ററുമാണ്. 16,000 കണ്ടെയ്‌നറുകളുള്ള കപ്പലിൽ നിന്ന് 3,000-5000 കണ്ടെയ്നറുകള്‍ വിഴിഞ്ഞത്തിറക്കുമെന്നാണ് സൂചന.
ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുമായി സ്വന്തം നാട്ടിലെ തുറമുഖത്തിൽ എത്താൻ കഴിഞ്ഞതിൽ മലയാളി എന്ന നിലയില്‍ അഭിമാനത്തിനുപുറമേ ഭാഗ്യംകൂടിയായി താന്‍ കാണുന്നതായി മലയാളി ക്യാപ്റ്റന്‍ വില്ലി ആന്റണി പ്രതികരിച്ചു. കപ്പല്‍ രണ്ടുദിവസം ഇവിടെ തുടരുമെന്നാണ് നിലവിലുള്ള വിവരം.
29 വർഷത്തെ മറൈൻ പരിചയമുള്ള വില്ലി 120 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എംഎസ്എസിയിലെ കപ്പലിന്റെ ക്യാപ്റ്റനായി 14 വർഷമായി സേവനമനുഷ്ഠിക്കുന്നു.താനുള്‍പ്പെടെ 35 പേരാണ് കപ്പലിലുള്ളത്. വിഴിഞ്ഞത്തിന്റെ സൗന്ദര്യം തൃശ്ശൂര്‍ക്കാരനായ എന്നെയും സ്വാധീനിച്ചുവെന്ന് വില്ലി ആന്റണി പറഞ്ഞു.
അതേസമയം, ക്യാപ്റ്റനും മറ്റു ജീവനക്കാർക്കും കര സ്പർശിക്കാൻ അനുമതിയില്ല. വിഴിഞ്ഞത്ത് ഇമിഗ്രേഷൻ ചെക്‌പോസ്റ്റ് സംവിധാനം നിലവിൽ ഇല്ലാത്തതിനാലാണ് ഈ നിയന്ത്രണം. അതിനാൽ, എല്ലാ ക്രൂവും കപ്പലിൽ തന്നെ തുടരേണ്ടി വരും.