കേരളത്തിലെ പ്രധാന റോഡ് അടിസ്ഥാനസൗകര്യ വികസന പദ്ധതിയായ ദേശീയപാത 66 ന്റെ നിർമാണം ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 2026ലെ പുതുവത്സര സമ്മാനമായി നാടിന് ഈ പദ്ധതി സമർപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ റോഡ് വികസന രംഗത്തെ അനേകം പദ്ധതികൾക്ക് കേന്ദ്ര അനുമതി ലഭിച്ചു. 6700 കോടി രൂപ വിലമതിക്കുന്ന പദ്ധതികളിൽ 14 എണ്ണം കേന്ദ്രം അംഗീകരിച്ചു.കൂടിക്കാഴ്ച്ചയിൽ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ്, കേരള ചീഫ് സെക്രട്ടറി എ.ജയതിലക്, പിഡബ്ല്യുഡി സെക്രട്ടറി കെ.ബിജു എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
NH-66ൻ്റെ നിർമാണത്തിൽ ഉൾപ്പെടുന്ന മലപ്പുറം കുരിയാട് ഭാഗത്ത് തകർന്ന ഭാഗം 380 മീറ്റർ നീളത്തിൽ വയഡക്ട് രൂപത്തിൽ പുനർനിർമിക്കാൻ തീരുമാനമായിട്ടുണ്ട്. ഇത് കരാറുകാരന്റെ ചെലവിലാണ് നടക്കുക. ഇതിനൊപ്പം, നിർമാണ പിഴവുകൾ കാരണം ഇന്‍ഡിപെന്‍ഡന്റ് എൻജിനിയർ, ഡിസൈൻ കൺസൾട്ടന്റ്, കരാറുകാരൻ എന്നിവരെ മാറ്റിയതായും എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടറെ സസ്പെൻഡ് ചെയ്തതായും മന്ത്രി അറിയിച്ചു.
പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ സർക്കാർ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. 5580 കോടി രൂപയാണ് ഇതിനായി സംസ്ഥാന സർക്കാർ ചിലവഴിച്ചത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രൊജക്റ്റുകളുടെ പുരോഗതി വിലയിരുത്താനും കേന്ദ്ര മന്ത്രി നിർദേശങ്ങൾ നൽകാനും പ്രത്യേക യോഗം ചേർന്നു.
കൊല്ലം- ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ( എന്‍എച്ച് 744) മൂന്നു മാസത്തിനുള്ളില്‍ അനുമതി നല്‍കാമെന്നു കേന്ദ്ര മന്ത്രി അറിയിച്ചിട്ടുണ്ട്. എറണാകുളം ബൈപാസ് പദ്ധതിയ്ക്ക് തത്വത്തില്‍ അനുവാദം ലഭിച്ചു. അഞ്ച് മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിക്കും.മോര്‍ത്ത് ഫണ്ട് വഴി ചെയ്യുന്ന നിലവിലുള്ള ഏഴോളം ദേശീയപാതകളുടെ ഡിപിആറുകളില്‍ അഞ്ചെണ്ണത്തിന് അംഗീകാരം ലഭിച്ചു. രണ്ടെണ്ണത്തിന് രണ്ട് മാസത്തിനുള്ളില്‍ അനുമതി നല്‍കും. എട്ട് വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്.
മലപ്പുറത്തുനിന്നും മൈസൂര്‍ വഴി ബെംഗളൂരു വരെ നീളുന്ന മൈസൂര്‍ – മലപ്പുറം ഇക്കണോമിക് കോറിഡോര്‍ പദ്ധതിയില്‍ വിശദ പഠനം നടത്തി അംഗീകാരം നല്‍കുമെന്നാണ് അറിയിപ്പ്. റെയില്‍വേയുമായുള്ള സംയുക്തയോഗം ഇക്കാര്യത്തില്‍ ആവശ്യമാണ്. പ്രാധാന്യം നല്‍കേണ്ടത് പോര്‍ട്ട് കണക്ടിവിറ്റി, ടൂറിസം മേഖലകള്‍ , എയര്‍പോര്ട്ട് കണക്ടിവിറ്റി എന്നിവയ്ക്കാണ്. വില്ലിങ്ടണ്‍ ഐലന്റ് – കുണ്ടന്നൂര്‍ ഗ്രീന്‍ഫീല്‍ഡ് കോറിഡോര്‍ , അഴീക്കല്‍ പോര്‍ട് കണക്ടിവിറ്റി പദ്ധതി എന്നിവയ്ക്ക് തത്വത്തില്‍ അംഗീകാരം നല്‍കി. കോതമംഗലം – മൂവാറ്റുപുഴ ബൈപാസ് ഒറ്റ ബൈപാസായി നടപ്പിലാക്കാന്‍ അംഗീകാരം ലഭിച്ചു. ശബരിമല തീര്‍ഥാടകര്‍ക്ക് പ്രയോജനകരമായ പുനലൂര്‍ ബൈപ്പാസ് പദ്ധതിയ്ക്കും അംഗീകാരം ലഭിച്ചു. അതിന് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍എച്ച്എയ്ക്ക് നിര്‍ദ്ദേശം നല്‍കി. ദേശീയ പാത 66 നെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമുമായി ബന്ധിപ്പിക്കുന്ന പാത നിര്‍മിക്കാനുള്ള ഡിപിആര്‍ തയ്യാറാക്കാനും നിര്‍ദ്ദേശം ലഭിച്ചതായി മന്ത്രി പറഞ്ഞു.
ജിഎസ്ടി, റോയൽറ്റി എന്നിവയിൽ നിന്നും ദേശീയപാത പദ്ധതികൾക്ക് സംസ്ഥാനത്തിൻ്റെ പങ്ക് ഒഴിവാക്കി.
ജലാശയങ്ങളിൽ നിന്ന് മണൽ ഡ്രെഡ്ജ് ചെയ്ത് ഉപയോഗിക്കാനുള്ള അനുമതിയും നിര്‍മാണ സാമഗ്രികളുടെ ലഭ്യതയ്ക്കായി കേരള മൈനര്‍ മിനറല്‍ കണ്‍സെഷന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിയതും ഇതിന്റെ ഭാഗമായാണ്.
നാഷണല്‍ ഹൈവേ പദ്ധതികളില്‍ നാഷണല്‍ ജിഎസ്ടിയും റോയല്‍റ്റിയിലും സംസ്ഥാന പങ്ക് ഒഴിവാക്കി മന്ത്രിസഭ തന്നെ തീരുമാനം കൈകൊണ്ടു. തിരഞ്ഞെടുത്ത ജലാശയങ്ങളില്‍ നിന്നും മണല്‍ ഡ്രെഡ്ജ് തിരുവനന്തപുരം ഔട്ടര്‍ റിങ്ങ് റോഡ് പദ്ധതിയുടെ അന്തിമ അംഗീകാരം ജൂലൈ മാസം തന്നെ ലഭിക്കും. പാലക്കോട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ ക്കും ജൂലൈ അവസാനത്തോടെ അനുമതി ലഭിക്കും.
കേരളത്തിൽ വലിയ പ്രതീക്ഷകളോടെയും കേന്ദ്ര–സംസ്ഥാന സഹകരണത്തിലുമായി ദേശീയപാത വികസനം ത്വരിതഗതിയിലായിരിക്കുകയാണ്. NH-66 ഡിസംബറിൽ പൂർത്തിയാകുന്നുവെന്ന പ്രഖ്യാപനം സംസ്ഥാനത്തെ ആധുനിക റോഡിൻ്റെ സാധ്യതകളെ കൂടുതൽ വിശാലമാക്കുന്നു. 2026 ൽ പുതിയ വർഷത്തോടൊപ്പം വികസനത്തിന്റെയും കണക്ടിവിറ്റിയുടെയും പുതിയ അധ്യായം ആരംഭിക്കാനാണ് സർക്കാരിന്റെ കാത്തിരിപ്പെന്നും മന്ത്രി കൂട്ടിച്ചേർത്തു.