പുകയില ഉപയോഗത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ പുതിയ കര്‍ശന നിയമങ്ങള്‍ പ്രഖ്യാപിച്ചു. ഹുക്ക ബാറുകള്‍ക്കെതിരെ സംസ്ഥാനത്ത് പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തി. അതിനോടൊപ്പം പുകവലിക്കാവുന്ന പ്രായപരിധി ഉയർത്തുകയും, നിയമലംഘനത്തിന് ചുമത്തുന്ന പിഴ പത്തിരട്ടി വര്‍ധിപ്പിക്കുകയും ചെയ്തു.
പുകവലിക്കാവുന്ന പ്രായം 18 ല്‍ നിന്ന് 21 വയസ്സായി ഉയര്‍ത്തി. പൊതു സ്ഥലങ്ങളിലോ നിരോധിത പ്രദേശങ്ങളിലോ പുകവലിക്കുകയോ പുകയില ഉല്‍പ്പന്നങ്ങള്‍ വില്ക്കുകയോ ചെയ്താല്‍ പിഴ 200 രൂപയില്‍ നിന്ന് 1,000 രൂപയാക്കി. ബാറുകള്‍, പബ്ബുകള്‍, റസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ എല്ലായിടത്തും ഹുക്ക ഉപയോഗം നിരോധിച്ചു.
ബംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ പല റസ്റ്റോറന്റുകളിലും, പബ്ബുകളിലും ഹുക്ക ഉപയോഗം വ്യാപകമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഹുക്ക ബാറുകള്‍ പൂർണമായും അടയ്ക്കാൻ ഉത്തരവിട്ടത്. ഇനി മുതൽ ഇത്തരം സ്ഥാപനങ്ങളിൽ ഹുക്ക ഉപയോഗിച്ചാൽ നിയമനടപടി സ്വീകരിക്കും..
ഇനി മുതല്‍ സിഗരറ്റുകള്‍ സിംഗിള്‍ സ്റ്റിക്കായി വില്‍ക്കില്ല. പാക്കറ്റുകളായി മാത്രമേ വിൽക്കാൻ കഴിയൂ. 21 വയസിന് താഴെയുള്ളവര്‍ക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ പരിധിക്കുള്ളിലോ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് കര്‍ശനമായി തടയുന്നതാണ് പുതിയ നിയമം.
പൊതുസ്ഥലങ്ങളില്‍ പുകയില നിരോധനം ശക്തമാക്കിയെങ്കിലും വലിയ ഹോട്ടലുകള്‍ , വിമാനത്താവളങ്ങള്‍ എന്നിവയ്ക്ക് ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്:
30 മുറികള്‍ക്ക് മുകളിലുള്ള ഹോട്ടലുകള്‍, അല്ലെങ്കില്‍ 30 പേര്‍ക്ക് ഇരിക്കാവുന്ന റസ്റ്റോറന്റുകള്‍ എന്നിവയിൽ പ്രത്യേകം നിർദേശിച്ച പ്രദേശങ്ങളിൽ മാത്രം പുകവലി അനുവദിക്കും. വിമാനത്താവളങ്ങളെ പൊതുസ്ഥലങ്ങളുടെ പരിധിയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. അവിടെയും പ്രത്യേക സ്മോക്കിംഗ് ഏരിയകൾ പുകവലിക്ക് അനുവദനീയമാണ്.
കര്‍ണാടക സര്‍ക്കാരിന്റെ പുതിയ നടപടികൾ പുകയില ഉപയോഗം കുറയ്ക്കാനും യുവതലമുറയെ അതിൽ നിന്ന് സംരക്ഷിക്കാനും ലക്ഷ്യമിടുന്നതാണ്. പുകയിലയുടെ അമിത ഉപയോഗം കുറയ്ക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായുള്ള ഈ നിയമപരിഷ്ക്കരണം മറ്റു രാജ്യങ്ങൾക്കും മാതൃകയായേക്കാമെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു.