ഈ വർഷം മെയ് മാസത്തിൽ ഇന്ത്യയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 2.01 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് 16.4% വർദ്ധനവാണ് ഈ മെയ് മാസത്തിൽ ജിഎസ്ടി വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക പുനരുജ്ജീവനത്തിന്റെയും നികുതി നവീകരണങ്ങളുടെയും ഫലമായി ജിഎസ്ടി ശേഖരണത്തിൽ തുടർച്ചയായ വളർച്ചയാണ് ആധികാരികമായി രേഖപ്പെടുത്തിയിരിക്കുന്നത്.
ചരിത്രത്തിലാദ്യമായി ഏപ്രിൽ മാസത്തിൽ 2.37 ലക്ഷം കോടി രൂപയുടെ ഉയർന്ന വരുമാനം രേഖപ്പെടുത്തി. അതിന് പിന്നാലെയാണ് മെയ് മാസത്തിലെ ഈ രണ്ടാമത്തെ ഏറ്റവും വലിയ വരുമാന നേട്ടമുണ്ടായിരിക്കുന്നത്.
മെയ് മാസത്തിൽ ഇന്ത്യയിലെ ആഭ്യന്തര വ്യാപാര ഇടപാടുകളിൽ നിന്നുള്ള ജിഎസ്ടി വരുമാനം ഏകദേശം 1.50 ലക്ഷം കോടി രൂപയായി. 13.7% വർദ്ധനയാണ് കഴിഞ്ഞ വർഷത്തെ അതേ മാസത്തേതിനെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്.
ഇറക്കുമതികളിൽ നിന്നുള്ള നികുതി വരുമാനത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 51,266 കോടി രൂപയാണ്. ഇത് 25.2%യുടെ വളർച്ച നേടി. ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ പങ്ക് ശക്തമാകുന്നതും ആഭ്യന്തര ഉപഭോഗം ഉയരുന്നതുമാണ് കാരണം.
മെയ് മാസത്തില്‍ കേന്ദ്ര ജിഎസ്ടിയില്‍ നിന്നുള്ള മൊത്തം വരുമാനം 35,434 കോടി രൂപയും സംസ്ഥാന ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം 43,902 കോടി രൂപയും സംയോജിത ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം ഏകദേശം 1.09 ലക്ഷം കോടി രൂപയുമാണ്. സെസ്സില്‍ നിന്നുള്ള വരുമാനം 12,879 കോടി രൂപയായിരുന്നു. ഈ ഘടനകൾ ചേർന്നതോടെ മൊത്തം ജിഎസ്ടി ശേഖരണം ₹1.74 ലക്ഷം കോടി രൂപയായി. 2024 മെയ് മാസത്തിൽ ഉണ്ടായിരുന്ന ₹1.72 ലക്ഷം കോടി രൂപയുമായി താരതമ്യപ്പെടുത്തിയാൽ 20.4% വളർച്ചയുണ്ടാക്കി.
നികുതി ശേഖരണത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ വ്യത്യാസങ്ങൾ പ്രകടമാണ്.
മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, കര്‍ണാടക, തമിഴ്നാട് എന്നീ പ്രമുഖ വ്യാവസായിക സംസ്ഥാനങ്ങൾ 17% മുതൽ 25% വരെയുള്ള വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഉത്പാദന മേഖലയിലെ പുരോഗതിയും സേവന മേഖലയുടെ വ്യാപനവും ഇതിന് കാരണമാകാം.
ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ ഏകദേശം 6% വളർച്ചയുണ്ടായി. നിർമ്മാണം, കൃഷി, വ്യവസായം എന്നിവയിലുണ്ടായ പുനരുജ്ജീവനമാണ് ഇതിന്റെ പിന്നിൽ. മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ ശരാശരി 10% വരുമാന വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക സ്ഥിരതയും വ്യാപാര സൗകര്യങ്ങളുടെ മെച്ചപ്പെട്ട വിനിയോഗവുമാണ് പ്രധാന ഘടകങ്ങൾ.