തിരുവനന്തപുരം; ഓരോ ജില്ലയിലെയും കാർഷിക ഉത്പന്നങ്ങളിൽ നിന്ന് വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർധിത ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിനുള്ള ഒരു ജില്ല ഒരു ഉത്പന്നം പദ്ധതി നടപ്പാക്കാൻ വ്യവസായ വകുപ്പ്. ഈ വർഷം വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത് 108 യൂണിറ്റുകൾ ആണ്.
സംസ്ഥാനത്ത് കൂടുതൽ ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും എന്നാണ് കണക്ക് കൂട്ടൽ. ഇത്തരത്തിൽ ആരംഭിക്കുന്ന വ്യവസായങ്ങൾക്ക് പദ്ധതി ചെലവിന്റെ 35 ശതമാനം വരെയാണ് സർക്കാർ ധനസഹായം നൽകുക. ഒരു യൂണിറ്റിന് പത്തു ലക്ഷം രൂപ വരെ സഹായം ലഭിക്കും എന്നും സര്ക്കാര് തല പ്രഖ്യാപനം ഉണ്ട്.
തിരുവനന്തപുരത്ത് മരച്ചീനി, കൊല്ലത്ത് മരച്ചീനിയും മറ്റു കിഴങ്ങു വർഗങ്ങളും, പത്തനംതിട്ടയിൽ ചക്ക, ആലപ്പുഴയിലും തൃശൂരിലും നെല്ലുത്പന്നങ്ങൾ, കോട്ടയത്തും എറണാകുളത്തും കൈതച്ചക്ക, ഇടുക്കിയിൽ സുഗന്ധവ്യഞ്ജനങ്ങൾ, പാലക്കാട് ഏത്തക്കായ, മലപ്പുറത്തും കോഴിക്കോടും തേങ്ങയിൽ നിന്നുള്ള ഉത്പന്നങ്ങൾ, വയനാട് പാലും പാലുത്പന്നങ്ങളും കണ്ണൂരിൽ വെളിച്ചെണ്ണ, കാസർകോട് ചിപ്പി എന്നിവയുമായി ബന്ധപ്പെട്ട വ്യവസായ യൂണിറ്റുകളാണ് പദ്ധതി പ്രകാരം ആരംഭിക്കുക. വ്യവസായ വികസനത്തോടൊപ്പം കാർഷികാഭിവൃദ്ധിയും ഇതിലൂടെ സാധ്യമാകുമെന്നാണ് കരുതുന്നത്.
ഒരു യൂണിറ്റ് ആരംഭിക്കാൻ പത്തു മുതൽ 25 ലക്ഷം വരെ രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ഒരു യൂണിറ്റിൽ കുറഞ്ഞത് പതിനഞ്ചു പേർക്കെങ്കിലും നേരിട്ടും അല്ലാതെയും തൊഴിൽ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു. തുടർച്ചയായ പ്രളയ കൊറോണ ആഘാതത്തിൽ തകർന്ന കേരളത്തിൻ്റെ വാണിജ്യ കൃഷി മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ ഉള്ള പദ്ധതിയാണ് ഇത്.