
തിരുവനന്തപുരം: ഉത്പാദന മേഖലയിൽ ചെറുകിട സംരംഭം തുടങ്ങാൻ പദ്ധതിയുള്ളവർക്ക് മൂന്ന് ലക്ഷം രൂപ വരെ പ്രാരംഭ സഹായമായി സര്‍ക്കാര്‍ നൽകും. ജില്ലാ വ്യവസായ കേന്ദ്രത്തിൻെറ സംരംഭക സഹായ പദ്ധതിക്ക് കീഴിൽ ആണ് സഹായം ലഭിക്കുക. റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങൾ, റെഡിമെയ്ഡ് വസ്ത്ര നിര്‍മാണം,ബയോടെക്നോളജി അധിഷ്ഠിത വ്യവസായങ്ങൾ, ബയോ ഡിഗ്രേഡബിൾ പ്ലാസ്റ്റിക് വ്യവസായങ്ങൾ,ബയോ ഫേര്‍ട്ടിലൈര്‍ വ്യവസായങ്ങൾ, കാര്‍ഷിക ഭക്ഷ്യ സംസ്ക്കരണ വ്യവസായങ്ങൾ തുടങ്ങിയവ ചെയ്യാൻ മുന്നോട്ട് വരുന്നവർക്കാണ് മുൻഗണന.
സൂക്ഷ്മ,ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭക സഹായ പദ്ധതി ആരംഭിച്ചത്. ഉത്പാദന മേഖലയിലുള്ള എല്ലാ എംഎസ്എംഇ സംരംഭങ്ങഘക്കും പദ്ധതി പ്രകാരം സഹായം ലഭിക്കും. 2021 ഏപ്രിൽ ഒന്നു മുതൽ നടത്തിയ നിക്ഷേപങ്ങൾക്ക് വിവിധ ധനസഹായത്തിന് അര്‍ഹതയുണ്ട്.
സംരംഭങ്ങൾ തുടങ്ങുന്നതിനു മുമ്പ് പ്രാരംഭ സഹായത്തിനുള്ള അപേക്ഷ നൽകണം. ബാങ്ക് ടേം ലോൺ ലഭിച്ചതിന് ശേഷം അര്‍ഹമായ ധനസഹായത്തിൻെറ 50 ശതമാനം അല്ലെങ്കിൽ പരമാവധി മൂന്ന് ലക്ഷം രൂപയാണ് പ്രാരംഭ സഹായമായി ലഭിക്കുക. ഭൂമി, കെട്ടിടം, യന്ത്ര സാമഗ്രികൾ, വൈദ്യൂതീകരണം, അത്യാവശ്യ ഓഫീസ് ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങാനും സഹായം ലഭിക്കും.
സാധാരണ വിഭാഗത്തിൽപ്പെട്ടവര്‍ക്ക് സ്ഥിരമൂലധനത്തിൻെറ 15 ശതമാനം വരെയാണ് സഹായം ലഭിക്കുക. പരമാവധി 20 ലക്ഷം രൂപയാണ് മൊത്തം ലഭിക്കുക.പിന്നോക്ക് വിഭാഗത്തിൽ പെട്ടവര്‍ക്കും വനിതകൾക്കും മൊത്തം 30 ലക്ഷം രൂപ വരെ ലഭിക്കും. എല്ലാ മേഖലകൾക്കും സഹായം ലഭിക്കില്ല. തയ്യൽ യൂണിറ്റുകൾ,തടി മില്ലുകൾ, ആസ്ബസ്റ്റോസ് സംസ്ക്കരണ യൂണിറ്റുകൾ, സിമൻറ് ഉത്പാദിപ്പിക്കുന്ന സംരംഭങ്ങൾ, കശുവണ്ടി ഫാക്ടറികൾ, ഫോട്ടോ സ്റ്റുഡിയോ, കളര്‍ പ്രോസസിംഗ് യൂണിറ്റുകൾ എന്നിവക്കും സഹായം ലഭ്യമല്ല.മെറ്റൽ ക്രഷര്‍ യൂണിറ്റുകൾ ,അയൺ, കാൽസ്യം കാര്‍ബൈഡ് നിര്‍മിക്കുന്ന യൂണിറ്റുകൾ, പവര്‍ ഇൻറൻസീവ് യൂണിറ്റുകൾ എന്നിവക്കും സഹായം ലഭിക്കില്ല.