മൊബൈൽ ആപ്പ് നിർമിക്കാൻ കഴിയുന്നവരാണോ നിങ്ങൾ ?എങ്കിൽ നേടാം സമ്മാനമായി 25 ലക്ഷം രൂപ വരെ
ന്യൂഡൽഹി∙ മൊബൈൽ ആപ് നിർമിക്കാൻ ആശയവും,താത്പര്യവുമുള്ളവരെ കാത്ത് സുവർണാവസരമാണ് വന്നിരിക്കുന്നത്. മികച്ച ഇന്ത്യൻ മൊബൈൽ ആപ്പുകൾ കണ്ടെത്താൻ കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ആപ് ഇന്നവേഷൻ ചാലഞ്ചിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. എമികച്ച രീതിയിൽ ആകർഷകമായ ആപ്പ് നിർമിക്കുന്നവർക്ക് 25 ലക്ഷം രൂപ വരെ സമ്മാനം നേടാം. കഴിഞ്ഞ വർഷം കേന്ദ്രം നടത്തിയ ആത്മനിർഭർ ആപ് ഇന്നവേഷൻ ചാലഞ്ചിന്റെ തുടർച്ചയാണിത്.
മത്സരവിഭാഗങ്ങൾ:- സംസ്കാരവും പൈതൃകവും, ആരോഗ്യം, വിദ്യാഭ്യാസം, സമൂഹ മാധ്യമം, എമർജിങ് ടെക്, സ്കിൽസ്, വാർത്ത, ഗെയിംസ്, വിനോദം, ഓഫിസ് സംബന്ധമായവ, ഫിറ്റ്‍നെസ്, കൃഷി, ബിസിനസ് ആൻഡ് റീട്ടെയിൽ, ഫിൻടെക്, നാവിഗേഷൻ തുടങ്ങിയവ. ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 25 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ വീതം ലഭിക്കും.
പരമാവധി 4 പേർക്ക് വരെയുള്ള ടീമായി പങ്കെടുക്കാം. ഹൈസ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെ ഇന്ത്യക്കാരായ ആർക്കും അപേക്ഷിക്കാം. നാസ്കോം, ഐ.ടി മന്ത്രാലയം, നീതി ആയോഗ് എന്നിവയിൽ നിന്നുള്ള ജൂറി പാനലായിരിക്കും എൻട്രികൾ വിലയിരുത്തുക. അപേക്ഷിക്കാൻ: innovateindia.mygov.in. അവസാന തീയതി: സെപ്റ്റംബർ 30