ഡീസൽ, പെട്രോൾ ഓട്ടോ റിക്ഷകളുടെ വിലയ്ക്ക് ഇലക്ട്രിക് ഓട്ടോകൾ സാധാരണക്കാർക്ക് ലഭ്യമാക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിക്ക് തുടക്കം.വൈദ്യുത വാഹനങ്ങളുടെ ഉൽപാദനവും ഉപയോഗവും വർധിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിന്റെ(ഫെയിം 2– ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ഇലട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ) ഭാഗമായി കേന്ദ്രസർക്കാർ സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് (ഇഇഎസ്എൽ) വഴി 3 ലക്ഷം ഇ ഓട്ടോറിക്ഷകൾ വാങ്ങുന്നു.

ഇലക്ട്രിക് ബസുകളും കാറുകളും ഇഇഎസ്എൽ വഴി സംഭരിച്ച് വിതരണം ചെയ്തിരുന്നെങ്കിലും ആദ്യമായാണ് ഓട്ടോറിക്ഷകളെ ഇതിൽ ഉൾപ്പെടുത്തുന്നത്.

ഓട്ടോകൾ വിലകുറച്ചു നൽകണോ, ഇഇഎസ്എൽ വൈദ്യുതി കാറുകളും ബസുകളും വാർഷിക വാടകയ്ക്കു നൽകുന്നതു പോലെ പൊതു ഗതാഗത മേഖലയിലുള്ള സൊസൈറ്റികൾക്കും, ട്രസ്റ്റുകൾക്കും നൽകണമോ എന്ന കാര്യങ്ങൾ സംബന്ധിച്ച് തീരുമാനം ഉണ്ടായിട്ടില്ല.ഇതു സംബന്ധിച്ചു ഫെയിം മാർഗരേഖയിൽ തിരുത്തൽ വരുത്തി കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്സിഡി പതിനായിരത്തിൽ നിന്നു 15000 ആയി വർധിപ്പിച്ചു.